29 March, 2021 05:24:06 PM
'ഉറപ്പാണ് എൽഡിഎഫ്'; ആദ്യമായി തപാൽവോട്ട് ചെയ്‌ത കെ ആർ ഗൗരിയമ്മയുടെ പ്രതികരണം
ആലപ്പുഴ: "ഉറപ്പാണ് എൽഡിഎഫ് " ആദ്യമായി പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയ കേരളത്തിന്‍റെ വിപ്ലവനായിക കെ ആർ ഗൗരിയമ്മയുടെ പ്രതികരണം ഇതായിരുന്നു. തിങ്കളാഴ്ച്ച രാവിലെ 11.30 ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഗൗരിയമ്മയുടെ വീട്ടിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിച്ചത്. ബൂത്തിൽ പോയി വോട്ടു രേഖപ്പെടുത്താൻ ആരോഗ്യസ്ഥിതി അനുവദിക്കാതിരുന്നതിനാൽ കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയ്‌ക്ക് സമ്മിതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. അതിന്‍റെ വ്യാകുലതയിലായിരുന്നു അവര്‍.
നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താമെന്നറിഞ്ഞപ്പോൾ മുതൽ ഗൗരിയമ്മ സന്തോഷവതിയായിരുന്നു. 28, 29, 30 തീയതികളിൽ വീട്ടിൽ എത്തി പോസ്റ്റൽ വോട്ട് ചെയ്യിക്കുമെന്ന വാർത്ത വന്നത് മുതൽ വോട്ടു ചെയ്യാൻ ഗൗരിയമ്മ തയ്യാറായിരുന്നു. 28ന് ഉദ്യോഗസ്ഥർ എത്താതിരുന്നപ്പോൾ, ജെഎസ്സ് എസ്സ് സംസ്ഥാന പ്രസിഡന്‍റ് സംഗീത് ചക്രപാണിയോട് ജില്ലാ കലക്ടറെ ഫോണിൽ വിളിക്കാൻ ആവശ്യപ്പെട്ടു. സംഗീത് ചക്രപാണി കലക്ടറെ വിളിച്ച് വിവരം അറിയിച്ചു.
കലക്‌ടറുടെ ഇടപെടലിനെ തുടർന്നാണ് തിങ്കളാഴ്ച്ച രാവിലെ തെരഞ്ഞെടുപ്പുദ്യോഗസ്ഥർ വീട്ടിൽ എത്തി ഗൗരിയമ്മയെ കൊണ്ട് വോട്ട് രേഖപ്പെടുത്തിച്ചത്. വോട്ടു രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ സംഗീത് ചക്രപാണിയാണ് മാധ്യമ പ്രവർത്തകർ പ്രതികരണം അന്വേഷിക്കുന്നു എന്ന് ഗൗരിയമ്മയോട് പറഞ്ഞത്. "ഉറപ്പാണ് എൽഡിഎഫ്" എന്ന ഒറ്റ വാക്കാലായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. ആരോഗ്യപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുമ്പോഴും ആദ്യമായി പോസ്റ്റൽ വോട്ട് ചെയ്ത സന്തോഷത്തിലാണ് ഗൗരിയമ്മ.