24 March, 2021 07:36:18 PM
നിയമസഭാ തിരഞ്ഞെടുപ്പ്: കായികതാരങ്ങളെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം നാളെ
പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ജില്ലയിലെ കായികതാരങ്ങളെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം മാര്‍ച്ച് 25ന് നടക്കും. രാവിലെ ഏഴ് മണിക്ക് വിക്ടോറിയ കോളേജ് പരിസരത്ത് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. വിക്ടോറിയ കോളേജില്‍ ആരംഭിക്കുന്ന കൂട്ടയോട്ടം കോട്ടമൈതാനത്ത് സമാപിക്കും. കായികതാരങ്ങളും യൂത്ത് ക്ലബ്ബ് പ്രതിനിധികളും യുവജനങ്ങളും കൂട്ടയോട്ടത്തില്‍ പങ്കാളികളാകും.
ഇലക്ഷന്‍ അംബാസിഡര്‍മാരുടെ യോഗം നാളെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) മുഖേന നിയമിക്കുന്ന അംബാസിഡര്‍മാരുടെ യോഗം മാര്‍ച്ച് 25ന് രാവിലെ 10 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവകേന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കും.
അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടിങ് കേന്ദ്രം
ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കായി അനങ്ങനടി ഗ്രാമപഞ്ചായത്ത് ഹാളില്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍ വോട്ടിങ് കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് വരണാധികാരിയായ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയം.
പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കണം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഏപ്രില്‍ നാലിന് വൈകിട്ട് 3.30 നകം റിട്ടേണിംഗ് ഓഫീസര്‍, ഷൊര്‍ണൂര്‍ എല്‍എസി ആന്‍ഡ് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷനില്‍ സമര്‍പ്പിക്കണം. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് വരണാധികാരിയായ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.