23 March, 2021 07:50:37 PM


'ഹരിതപ്പുഴ'യാവാന്‍ ആലപ്പുഴ; നാടിനെ വെടിപ്പാക്കാന്‍ ഹരിതകേരളം മിഷൻ



ആലപ്പുഴ: ഉത്തരവാദിത്ത മാലിന്യപരിപാലന രീതികൾ പരിചയപ്പെടുത്തി നാടിനെ വെടിപ്പാക്കി മാറ്റുകയാണ്‌ ഹരിതകേരളം മിഷൻ. ഖരമാലിന്യം, പ്ലാസ്‌റ്റിക് ഉൾപ്പെടെ അജൈവമാലിന്യം എന്നിവ ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ വിവിധ സംവിധാനങ്ങൾ ജില്ലയിലുണ്ട്. ഖരമാലിന്യ സംസ്‌കരണത്തിൽ  57 പഞ്ചായത്തുകളും ആറ് നഗരസഭകളും ശുചിത്വ പദവിനേടി. വാർഡ് തലത്തിൽ 36 മിനി എംസിഎഫുകളും ഒരു വലിയ എംസിഎഫും സ്ഥാപിച്ച ആര്യാട് പഞ്ചായത്ത്  ഒരുപടി മുന്നിലാണ്. 


കളർകോട് മുതൽ തോട്ടപ്പള്ളി സ്‌പിൽവേവരെ ദേശീയപാത ക്യാമറ നിരീക്ഷണത്തിലാക്കിയ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വഴിയിരികിലെ മാലിന്യംതള്ളൽ ചെറുത്തു. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണത്തിനാണ് ഹരിതകർമസേന. 72 പഞ്ചായത്തുകളിലെയും ആറ് നഗരസഭകളിലെയും എല്ലാ വാർഡുകളിലും രണ്ടുവീതം സേനാംഗങ്ങളുണ്ട്. 

ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യം നീക്കുന്നത് ക്ലീൻ കേരള കമ്പനിവഴിയാണ്. ജില്ലയിൽ 52 പഞ്ചായത്തുകളും ഒരു നഗരസഭയും കമ്പനിയുമായി കരാറിലാണ്‌. 34 പഞ്ചായത്തുകളും രണ്ട് നഗരസഭയും കമ്പനിക്ക് തരംതിരിച്ച് മാലിന്യംനൽകി. ഹരിതചട്ടം പാലിച്ച് സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രകൃതി സൗഹൃദമായി.  മാലിന്യത്തിന്റെ അളവുകുറച്ച്,  തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നു.  929 ഓഫീസുകൾ ഹരിതമാണ്. മിഷനും ഇന്നർവീൽ ക്ലബ് ഓഫ് ആലപ്പിയും ചേർന്ന് ജില്ലാ പഞ്ചായത്ത് ഓഫീസ് വളപ്പിലും സിവിൽസ്‌റ്റേഷൻ അനക്‌സിലും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.


ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്‌പോസിബിൾ വസ്‌തുക്കളുടെയും പ്ലാസ്‌റ്റിക് ക്യാരി ബാഗുകളുടെയും ഉപയോഗം കുറയ്‌ക്കാൻ ഓൾ ഡെവലപ്മെന്റ് റെസ്‌പോൺസ് ഫോറവുമായി ചേർന്ന് പ്രവർത്തനം തുടങ്ങി. വനിത  യൂണിറ്റുകൾ രൂപീകരിച്ച് തുണിസഞ്ചി, പേപ്പർ ബാഗ് നിർമാണം എന്നിവ പഠിപ്പിച്ച്  വരുമാന മാർഗവും ഒരുക്കി. വീൽചെയറിൽ ജീവിതംതള്ളിനീക്കുന്നവരുടെ യൂണിറ്റ് പുന്നപ്രയിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K