25 May, 2016 10:58:03 PM


ബസ്സുകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍



കണ്ണൂര്‍ : സ്വകാര്യ ബസ്സുകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കാത്തു നില്‍ക്കുമ്പോള്‍ ഫുള്‍ ടിക്കറ്റുള്ള യാത്രക്കാരെ മാത്രം കയറ്റി ബസ്സ് മുന്നോട്ടെടുക്കുമ്പോള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കയറാന്‍ അവസരം നല്‍കുന്നത്. ഇത് തീര്‍ത്തും വിവേചനപരവും അപകടകരവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ബസ്സില്‍ സീറ്റുണ്ടെങ്കിലും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാറില്ല. ഇത്തരം വിവേചനം പാടില്ലെന്ന കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഈ നീതിനിഷേധം നടക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരാതി സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആര്‍.ടി.ഒ.യോടും ജില്ലാ പോലീസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.


മാതമംഗലം ഗവ.ഹൈസ്‌കൂളില്‍ അഞ്ചുവര്‍ഷമായി ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ നിയമനം ലഭിക്കാത്തതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. സാങ്കേതിക കാരണത്താല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്താനും ഹെഡ് മാസ്റ്റര്‍ക്ക് കഴിയുന്നില്ല. നിരവധി ഗോത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഗോത്രസാരഥി ഫണ്ട് കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതും കമ്മീഷന്‍ അന്വേഷിക്കും. ഫണ്ടിന്റെ ലഭ്യത സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.


പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് പഠിക്കുന്ന സ്‌കൂളില്‍നിന്നും ടി.സി. വാങ്ങിയ കമ്പളക്കാട് കൊഴിഞ്ഞമ്പാറ കോളനിയിലെ ഗോത്രവിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ സീറ്റില്ലെന്ന് പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അറിയിച്ചതായി കമ്മീഷനു മുമ്പാകെ വിദ്യാര്‍ത്ഥിനിയും കുടുംബവും പരാതി നല്‍കി. വിദ്യാര്‍ത്ഥിനിയ്ക്ക് ഉടന്‍ അഡ്മിഷന്‍ തരപ്പെടുത്താന്‍ ജില്ലാ കലക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ഗ്ലോറി ജോര്‍ജ്ജ്, ബാബു നരിക്കുനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ 14 പരാതികള്‍ പരിഗണിച്ചു. നാല് പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതികളാണ് പുതുതായി ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K