23 March, 2021 07:27:18 PM


സി-വിജില്‍: പാലക്കാട് ലഭിച്ചത് 653 പരാതികള്‍; 40438 പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു



പാലക്കാട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 653 പരാതികള്‍.  ഇതില്‍ 559 പരാതികളില്‍ നടപടി എടുക്കുകയും 91 വ്യാജ പരാതികള്‍ ഒഴിവാക്കുകയും ചെയ്തു. മൂന്നെണ്ണത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നു. 


പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കുന്നതാണ്.


ആന്‍റി ഡീഫേസ്മെന്‍റ് സ്‌ക്വാഡ് നീക്കം ചെയ്തത് 40438 പ്രചരണ ബോര്‍ഡുകള്‍


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 40438 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്.  


ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ കണ്ടെത്തിയ ബോര്‍ഡുകളാണ്   സ്‌ക്വാഡ് നീക്കം ചെയ്തത്.  ഇതിന്  പുറമേ സ്വകാര്യ സ്ഥലങ്ങളില്‍ കണ്ടെത്തിയ 12568  ബോര്‍ഡുകളും  നീക്കം ചെയ്തിട്ടുണ്ട്. ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി 12 ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകളും ഒരു ജില്ലാതല സ്‌ക്വാഡും ഉള്‍പ്പെടെ 13 ടീമുകളുമാണ് ഉള്ളത്. ഫെബ്രുവരി 27 മുതലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K