23 March, 2021 07:23:30 PM


പാലക്കാട് ജില്ലയില്‍ 27863 ആബ്സന്‍റീ വോട്ടര്‍മാര്‍; പോസ്റ്റല്‍ ബാലറ്റ് 26 മുതല്‍



പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്സന്റീ വോട്ടര്‍മാര്‍ 27863. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വോട്ടിംഗ് ദിവസം പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ നേരിട്ട് പോയി വോട്ട് ചെയ്യാനാകാത്ത അവശ്യസര്‍വീസ് ജീവനക്കാര്‍ എന്നിവരേയാണ് ആബ്സന്റീ വോട്ടര്‍മാരായി കണക്കാക്കിയിരിക്കുന്നത്. ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനായി പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.


കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും ഉള്‍പ്പെടെ 33 പേരാണ് നിലവില്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. 2727 ഭിന്നശേഷി വോട്ടര്‍മാര്‍, 80 വയസിനു മുകളിലുള്ള 22218 വോട്ടര്‍മാര്‍, 2885 അവശ്യസര്‍വീസ് ജീവനക്കാര്‍ എന്നിവരും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗിക്കും. അവശ്യസര്‍വീസ് ജീവനക്കാര്‍ അല്ലാത്ത ആബ്സന്റീ വോട്ടര്‍മാരുടെ വീടുകളില്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ നാല് വരെ പോളിംഗ് ടീമുകളെത്തി പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും. പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പോലീസ്, വീഡിയോ ഗ്രാഫര്‍, ഡ്രൈവര്‍ എന്നിങ്ങനെ ആറ് പേര്‍ പോളിംഗ് ടീമില്‍ ഉണ്ടാകും.


പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക. പോളിംഗ് ഏജന്റുമാരെ ഏര്‍പ്പാടാക്കുന്നതിന് വോട്ടര്‍മാരുടെ ലിസ്റ്റും വോട്ടിംഗ് നടക്കുന്ന ദിവസവും സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. അവശ്യ സര്‍വീസ് ആബ്‌സന്റീ വോട്ടര്‍മാര്‍ക്കായി മാര്‍ച്ച് 28, 29, 30 തീയതികളില്‍ വോട്ട് അതാത് നിയോജകമണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വോട്ട് ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K