23 March, 2021 06:54:20 PM
സമുദ്രോൽപ്പന്ന കയറ്റുമതിക്ക് ഊർജ്ജം പകരാൻ മെഗാ സീഫുഡ് പാർക്ക് തയ്യാറാവുന്നു
ആലപ്പുഴ: സമുദ്രോൽപ്പന്ന കയറ്റുമതിക്ക് ഊർജ്ജം പകരാൻ ചേർത്തല പള്ളിപ്പുറത്തെ മെഗാ സീഫുഡ് പാർക്ക് തയ്യാറാവുന്നു. 99 ശതമാനം നിർമാണവും പൂർത്തിയായി. തെരഞ്ഞെടുപ്പിന് ശേഷം ഉദ്ഘാടനം നടത്തും. ഓപ്പറേഷൻ മെയിന്റനൻസ് കോൺട്രാക്‌ടിലാണ് നിർമാണം. ശുദ്ധീകരണ പ്ലാന്റും മലിനജലം ഒഴുക്കാനുള്ള പൈപ്പുകളും സ്ഥാപിച്ചു. കെട്ടിട നിർമാണവും ഉപകരണങ്ങൾ സ്ഥാപിക്കലും മിക്കവാറും പൂർത്തിയായി. പ്രതിദിനം 20 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ ശേഷിയുളള ഇഫ്ലുവന്റ് പ്ലാന്റും വെള്ളം പുറത്തേക്ക് കളയാനുള്ള പൈപ്പുകളുമാണ് സ്ഥാപിച്ചത്.
ഇതോടെ സംരംഭകർ കമ്പനികൾ സ്ഥാപിക്കാനും തുടങ്ങി. ഇതുവരെ 30 കമ്പനികൾക്ക് സ്ഥലം കൊടുത്തു. 56 ഏക്കറിൽ മൂന്നേക്കർ മാത്രമാണ് ഇനി ബാക്കിയുള്ളത്. വ്യവസായ വകുപ്പിനു കീഴിലുള്ള പാർക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ 2017ലാണ് കല്ലിട്ടത്. 3000ഓളം പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കും. കോമൺ ഫെസിലിറ്റി സെന്ററും വ്യവസായികൾക്ക് വാടകയ്‌ക്ക് എടുക്കാവുന്ന സ്‌റ്റാൻഡേർഡ് ഡിസൈൻ ഫാക്‌ടറി, ഇലക്‌ട്രിക്കൽ സബ്‌സ്‌റ്റേഷൻ എന്നിവയും പൂർത്തിയായി.
3000 മെട്രിക് ടണ്ണിന്റെ കോൾഡ് സ്‌റ്റോറേജിന്റെ കമ്മീഷനിങ് മാത്രമാണ് ബാക്കി. ദിവസം 10 മെട്രിക് ടൺ ശേഷിയുള്ള ഡീപ്പ് ഫ്രീസറിന്റെയും മീനിന്റെ മുള്ള് നീക്കുന്നതിന് 10 മെട്രിക് ടൺ ദിവസ കപ്പാസിറ്റിയുള്ള പ്ലാന്റ് നിർമാണവും 95 ശതമാനം പൂർത്തിയായി. മത്സ്യ കയറ്റുമതി സ്ഥാപനങ്ങൾക്കു പുറമേ, പാക്കിങ് ഫാക്‌ടറികൾ, പൊടിമില്ലുകൾ, മീൻതീറ്റ ഉൽപ്പാദന യൂണിറ്റുകൾ, മറ്റ് ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളും സ്ഥലം എടുത്തിട്ടുണ്ട്.
സമുദ്രോൽപ്പന്ന സംസ്‌കരണ, വിപണന മേഖലയ്‌ക്ക് പാർക്ക് ഉണർവേകും. ഉൽപ്പന്നങ്ങൾ ശേഖരിക്കൽ, തരംതിരിക്കൽ, ഗുണനിലവാരം പരിശോധിക്കൽ, ഫ്രീസിങ് യൂണിറ്റ്, കോൾഡ് സ്‌റ്റോറേജ് തുടങ്ങിയവ ഉൾപ്പെടുന്ന മുഖ്യസംസ്‌കരണ കേന്ദ്രം (സിപിസി), ഹാർബറുകളിൽനിന്നുള്ള സമുദ്രോൽപ്പന്നങ്ങളുടെ പീലിങ്, വൃത്തിയാക്കൽ, തരംതിരിക്കൽ, ഐസ്‌പ്ലാന്റ് എന്നിവയ്‌ക്കുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രം (പിപിസി) എന്നിവയാണ് ഇവിടെയുള്ളത്. തോപ്പുംപടിയിലും വൈപ്പിനിലും മുനമ്പത്തുമുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങളെക്കൂടി ഇതുമായി ബന്ധിപ്പിക്കും.