19 March, 2021 08:43:04 PM
'പാമ്പാടി രാജനെ' കുത്തിപരിക്കേല്‍പ്പിച്ചു; എഴുന്നള്ളിപ്പ് തടഞ്ഞ് വനംവകുപ്പ്
വടക്കഞ്ചേരി: തലപൊക്കം കാട്ടുന്നതിന് പാപ്പാന്‍ തോട്ടിവെച്ച് ആനയെ കുത്തിയതിനെ തുടര്‍ന്നുണ്ടായ പരാതിയില്‍ എഴുന്നള്ളിപ്പ് തടഞ്ഞ് വനംവകുപ്പ് അധികൃതര്‍. വടക്കഞ്ചേരി കൊടിക്കാട്ടുകാവ് ദേവി ക്ഷേത്രം വേലയ്ക്ക് എത്തിച്ച 'പാമ്പാടി രാജന്‍' എന്ന ഗജവീരനെയാണ് എഴുന്നള്ളിപ്പില്‍നിന്നും മാറ്റിനിര്‍ത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വേലയ്ക്ക് എഴുന്നള്ളിക്കുന്നതിന് പാമ്പാടി രാജനെ മാത്രമാണ് ക്ഷേത്രം അധികൃതര്‍ ഏര്‍പ്പാടാക്കിയിരുന്നത്. മുമ്പ് ഒരു ക്ഷേത്രത്തിൽ തലയെടുപ്പ് കാട്ടുന്നതിന് പാപ്പാന്‍ ആനയുടെ താടിയില്‍ കുത്തിയതാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ രംഗം ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് അധികൃതര്‍ ഇടപെടുകയും രാജനെ എഴുന്നള്ളിക്കുന്നത് തടയുകയുമായിരുന്നു.
സമാനമായ സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഇതില്‍ കേസ് നിലനില്‍ക്കുന്നുമുണ്ട്. ഇത് മറച്ചുവെച്ചാണ് ആനയെ എഴുന്നള്ളിപ്പിന് എത്തിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആനയെ എഴുന്നള്ളിക്കുന്നതിന് തങ്ങൾക്ക് സ്റ്റേ നിലനിൽക്കുന്നുണ്ടെന്ന് പാപ്പാൻ കൈരളി വാർത്തയോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വടക്കഞ്ചേരി ടൗണില്‍ എത്തിച്ച ഗജവീരന് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് വന്‍ സ്വീകരണമാണ് നല്‍കിയത്. ഇതിന് പിന്നാലെയാണ് രാജന്‍റെ ആരാധകരെ സങ്കടത്തിലാക്കി വനംവകുപ്പ് അധികൃതര്‍ ഇടപെട്ടത്.
പിന്നീട് മറ്റൊരു ആനയെ എത്തിച്ചാണ് എഴുന്നള്ളിപ്പ് നടന്നത്. ഇതിനുണ്ടായ കാലതാമസം മൂലം എഴുന്നള്ളിപ്പിന് മുന്നിൽ നടക്കേണ്ട പഞ്ചവാദ്യം ഉള്‍പ്പെടെയുള്ള പരിപാടികൾ ആനയില്ലാതെയാണ് നടന്നത്. എഴുന്നള്ളിപ്പും താമസിച്ചാണ് നടന്നത്.