11 March, 2021 03:21:25 AM
കൈക്കൂലി; അറസ്റ്റിലായ കുമളി ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് റിമാന്‍ഡില്‍
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്‌റ്റിലായ കുമളി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് അജിത് കുമാറിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി വിജിലന്‍സ് പോലീസ് കെണി ഒരുക്കി ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.
പ്രതിയെ ജഡ്‌ജി ജോബിന്‍ സെബാസ്‌റ്റ്യന്‍ 24 വരെ റിമാന്‍ഡ് ചെയ്‌ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. കട്ടപ്പന മേച്ചേരി വീട്ടില്‍ കൃഷ്‌ണന്‍ ചെട്ടിയാരുടെ മകനാണ് 46 കാരനായ അജിത് കുമാര്‍. കുമളി ചെങ്കര കുരിശുമല പുതവല്‍ വീട്ടില്‍ രങ്കരാജിന്റെ മകന്‍ വിജയകുമാറിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്.
വിജയകുമാറിന്റെ ഏലകൃഷി ആവശ്യത്തിനായി 6 സെന്റ് സ്‌ഥലത്ത് കുഴല്‍ കിണറും മോട്ടോര്‍ പുരയും നിര്‍മ്മിച്ചിരുന്നു. മോട്ടോര്‍ പുരയ്‌ക്ക് നമ്പറിട്ട് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനു വേണ്ടി സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 5000 രൂപ മുന്‍കൂറായി വാങ്ങി. രണ്ടാം ഗഡു വാങ്ങുമ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായത്.