05 March, 2021 08:55:11 PM


തൊടുപുഴ പൊലീസ‌് സ‌്റ്റേഷനിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത 9‌ ബൈക്കുകൾ കത്തിനശിച്ചു



തൊടുപുഴ: തൊടുപുഴ പൊലീസ‌് സ‌്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിച്ച സ്ഥലത്ത‌് തീപിടിത്തം. ഒമ്പത്‌ ബൈക്കുകൾ ഭാഗികമായി കത്തിനശിച്ചു. വ്യാഴാഴ‌്ച പകൽ 11.15നായിരുന്നു സംഭവം. പൊലീസ് ഹെൽത്ത് ക്ലബ്ബിനു സമീപമാണ‌് തൊണ്ടിവാഹനങ്ങൾ സൂക്ഷിച്ചിരുന്നത‌്. കാറുകളും ഓട്ടോറിക്ഷയും ബൈക്കുകളും ഉൾപ്പെടെ 40 വാഹനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. സമീപത്ത‌് മാലിന്യം കൂട്ടിയിട്ട‌് കത്തിച്ചതിൽനിന്ന്‌ തീ പടർന്നതാണെന്ന‌് കരുതുന്നു.

തീ ആളുന്നതു കണ്ട പൊലീസുകാരാണ‌് ഫയർഫോഴ‌്സിൽ അറിയിച്ചത‌്. തൊടുപുഴ ഫയർ സ‌്റ്റേഷൻ അസി. സ‌്റ്റേഷൻ ഓഫീസർ പി വി രാജന്റെ നേതൃത്വത്തിൽ തീയണച്ചു. സമയോചിതമായി ഇടപെട്ടതുമൂലമാണ‌് കൂടുതൽ വാഹനങ്ങളിൽ തീ പടരാതിരുന്നത‌്. ഇതിന‌് സമീപമാണ‌് പൊലീസ‌് ക്വാർട്ടേഴ‌്സും സ്ഥിതിചെയ്യുന്നത‌്. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സസ് അധികൃതർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K