04 March, 2021 12:38:48 AM
ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കും
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ നടത്തിയ പാലക്കാട്, കോയമ്പത്തൂര്‍, തൃശൂര്‍ ജില്ലാ കലക്ടര്‍മാരുടെ സംയുകത യോഗത്തിലാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച നടത്തിയതായി പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. അനധികൃത പണം ഉള്‍പ്പെടെ വിതരണത്തിനെത്തിക്കാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ചെക്ക്പോസ്റ്റുകളിലെ ക്യാമറ നിരീക്ഷണം ശക്തിപ്പെടുത്തും.
ഗോഡൗണുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരും കേരളത്തിലെ എന്‍ഫോഴ്‌സ്മെന്റ് ഏജന്‍സി മേധാവികളും തുടര്‍ന്നും ചര്‍ച്ച നടത്തി നടപടി സ്വീകരിക്കും. ഓരോ വിഭാഗവും നടത്തുന്ന പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിദിന റിപ്പോര്‍ട്ട് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
കിന്‍ഫ്ര മെഗാ പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ.രാജാമണി, പാലക്കാട്, കോയമ്പത്തൂര്‍, തൃശൂര്‍ ജില്ലകളിലെ ജില്ലാ പോലീസ് മേധാവികള്‍, വനം വകുപ്പ്, എക്‌സൈസ്, ചരക്ക് സേവന നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.