25 February, 2021 07:46:01 PM
ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കി; ആലത്തൂര്‍ ചേരാമംഗലം സ്വദേശിക്ക് ഒരു വര്‍ഷം തടവ്
ആലത്തൂര്‍: ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കിയ കേസില്‍ പ്രതിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ചേരാമംഗലം വാക്കുളം സത്യനെ(49)യാണ് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. 2013 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം.
വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷനില്‍ വീഴുമല ബീറ്റില്‍ ചേരാമംഗലം - കുനിശ്ശേരി റോഡിന് സമീപത്തെ വയലില്‍നിന്നാണ് ഉടുമ്പിനെ പിടികൂടിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ് ഉരഗവര്‍ഗ ജീവിയായ ഉടുമ്ബ്. വേട്ടയാടി കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കേസില്‍ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. അനന്തകൃഷ്ണന്‍ ഹാജരായി.