23 February, 2021 12:47:17 PM
പ്ലസ് ടു വിദ്യാർത്ഥിനി രേഷ്മയുടെ കൊലപാതകം: ബന്ധു അരുണ്‍ തൂങ്ങി മരിച്ച നിലയിൽ
ഇടുക്കി: പള്ളിവാസലിൽ കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥി രേഷ്മയുടെ ബന്ധു അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് അരുൺ. ഇന്നു രാവിലെ പള്ളിവാസൽ പവർഹൗസിനു സമീപമാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പള്ളിവാസല്‍ പവ്വര്‍ ഹൗസിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.. സമീപത്തെ റിസോര്‍ട്ടിലെ സി.സി.ടി.വിയില്‍ നിന്നും രേഷ്മയും ബന്ധു അനുവെന്ന് അറിയപ്പെടുന്ന അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അന്നുമുതൽ അരുണിന്‍റെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാൻ കാരണമായി.
എന്നാൽ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്‍റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. രേഷ്മയുടെ പിതാവിന്‍റെ അർദ്ധ സഹോദരനാണ് അരുൺ.