20 February, 2021 09:15:07 PM


പാലക്കാട് ജില്ലയില്‍ ഇന്‍റന്‍സിഫൈഡ് മിഷന്‍ 'ഇന്ദ്രധനുഷ്' ക്യാമ്പയിന്‍ 22 മുതല്‍



പാലക്കാട്: ജില്ലയില്‍ ഇന്‍റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ഫെബ്രുവരി 22 ന് തുടക്കമാകും. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതിന് നടക്കും. ജില്ലയില്‍ അലനെല്ലൂര്‍, കൊപ്പം, ചളവറ, ചാലിശ്ശേരി, കടമ്പഴിപ്പുറം എന്നീ ബ്ലോക്കുകളിലാണ് ഇന്ദ്രധനുഷ് നടപ്പാക്കുന്നത്.
 
ആദ്യഘട്ടം ഫെബ്രുവരി 22 മുതലുള്ള 15 പ്രവൃത്തി ദിനങ്ങളും രണ്ടാം ഘട്ടം മാര്‍ച്ച് 22 മുതലുള്ള 15 പ്രവൃത്തി ദിനങ്ങളിലുമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഇതിനായി 173 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കുത്തിവെപ്പ്. അഞ്ച് ബ്ലോക്കുകളിലായി 14221 കുട്ടികളെയും 153 ഗര്‍ഭിണികളെയും ഉള്‍പ്പെടുത്തും. ഇന്ദ്രധനുഷിന്റെ ഭാഗമായി വാക്‌സിനേഷന്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയ്യാറാക്കുകയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും.


പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം  ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ക്യാമ്പയിന് മുന്നോടിയായി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ ശില്പശാലയും ആരോഗ്യപ്രവര്‍ത്തകര്‍ക്കായി  പരിശീലനവും സംഘടിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K