22 May, 2016 04:03:03 PM
മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരികെയില്ലെന്ന് പറഞ്ഞ നികേഷ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ?
കണ്ണൂര്‍: രാഷ്‌ട്രീയത്തില്‍ തുടരുമെന്ന സൂചന നല്‍കി പാര്‍ട്ടിയുടെ പൊതു ചടങ്ങുകളില്‍ സജീവമായി നികേഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നല്‍കിയ വോട്ടര്‍മാരോട് നന്ദി പറയുന്നതിനായി പാര്‍ട്ടി സംഘടിപ്പിച്ച പല ചടങ്ങുകളിലും നികേഷ് കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് രാഷ്‌ട്രീയത്തില്‍ തന്നെ തുടരുമെന്ന സൂചനകള്‍ നികേഷ് കുമാര്‍ നല്‍കുന്നത്. അതേസമയം രാഷ്‌ട്രീയത്തില്‍ തുടരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നികേഷ് മറുപടി നല്‍കിയില്ല.
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും ഇനിയും അങ്ങനെ തന്നെ വേണമെന്നും അതിനായി ഞാനും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും നികേഷ് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്‌തവര്‍ക്ക് ഫേസ്‌ബുക്കിലും നികേഷ് കുമാര്‍ നന്ദി പറഞ്ഞിരുന്നു. ജനങ്ങളില്‍ ഒരുവനായി വിളിപ്പാടകലെ താന്‍ ഉണ്ടാകുമെന്നും ഫേസ്‌ബുക്കില്‍ നികേഷ് പറഞ്ഞിരുന്നു.
പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാകില്ലെന്നും പകരം ഒരു ഉപദേഷ്ടാവാണ് കാണുകയെന്നും പറഞ്ഞിരുന്നു. മുതിര്‍ന്ന ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് ഈ തസ്തികയിലേക്ക് നിയമിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. നികേഷ് കുമാറായിരിക്കും ഈ തസ്തികയില്‍ നിയമിക്കപ്പെടുകയെന്നും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്.