10 February, 2021 08:02:57 PM
കണ്ണൂരിൽ സ്ഥാനാർത്ഥി ആയിരുന്ന ട്രാൻസ്ജൻഡർ സ്നേഹ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കണ്ണൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ട്രാൻസ്ജൻഡർ സ്നേഹ (34) തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു കുടുംബ വഴക്കിനെ തുടർന്ന് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. ഉടൻ തന്നെ സ്നേഹയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടായിരുന്നു സ്നേഹ കെ മത്സരിച്ചത്. മുപ്പത്തിയാറാം ഡിവിഷനിൽ നിന്ന് ആയിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള മത്സരം. സാമൂഹിക മാധ്യമങ്ങളിൽ കെ സ്നേഹയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് പോസ്റ്ററുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്ന് ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വലിയ വാർത്ത ആയിരുന്നു. ഒരു മാറ്റത്തിനായാണ് താൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് സ്നേഹ വ്യക്തമാക്കിയിരുന്നു.
കണ്ണൂർ കോർപ്പറേഷനിലെ മുപ്പത്തിയാറാം ഡിവിഷനായ കിഴുന്നയിൽ നിന്ന് ആയിരുന്നു സ്നേഹ മത്സരിച്ചത്. നാടിനു വേണ്ടിയും ട്രാൻസ്ജൻഡർ വിഭാഗത്തിനു വേണ്ടിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്നേഹ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കുട അടയാളത്തിൽ ആയിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്നേഹ മത്സരിച്ചത്.
നാടിന്റെ അടിസ്ഥാന വികസന രംഗത്തും ആരോഗ്യമേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കുവാനും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്നേഹ പറഞ്ഞിരുന്നു. വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ 'എന്റെ നാടിന്, വിവേചന രഹിത വികസനത്തിന്' എന്ന വാചകത്തോടെ ആയിരുന്നു. സുലൈമാൻ - കൊച്ചമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ - ജോയി, സൈമൺ, സണ്ണി, ഓമന, സാറാമ്മ, സൽമ, സിസിലി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.