08 February, 2021 08:15:37 PM
ജയന് ഇനി വീട് വെക്കാം: മന്ത്രി ഇടപെട്ടു; സാങ്കേതിക തടസമൊഴിവായി
പാലക്കാട്: വികലാംഗനായ ജയന് വീട് വെക്കാന്‍ ഇനി നിയമ തടസമില്ല. കൈവശമുള്ള ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കി. കെ.എല്‍.യു ലഭിച്ചാല്‍ പഞ്ചായത്തില്‍ നിന്നും വീട് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലാണ് നടപടി.
എലപ്പുള്ളി സ്വദേശിയായ ജയന് 2016ലാണ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും വീട് വെക്കാന്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍ ഇത് നിലമായതിനാല്‍ ലൈഫ് മിഷന്‍ വഴി വീട് അനുവദിച്ചെങ്കിലും വീട് വെക്കാന്‍ കഴിഞ്ഞില്ല. ഭൂമിയുടെ തരം മാറ്റാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം അതിനു സാധിച്ചിരുന്നില്ല. ജയന്‍റെ അവസ്ഥ നേരിട്ട് മനസിലാക്കിയ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാന്‍ ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലൈഫ് മിഷന്‍ വീടുകള്‍ക്ക് 10 സെന്റില്‍ താഴെയുള്ള ഭൂമിക്ക് കെ.എല്‍.യു അനുവദിക്കാമെന്നാണ് നിയമം. ഇതുപ്രകാരം ജയന്‍റെ അപേക്ഷ ഉടന്‍ പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.