07 February, 2021 02:35:55 PM


കണ്ണിയപുറം പാലം നാടിന് സമര്‍പ്പിച്ചു; നാലുവരിപ്പാതയുടെ സൗകര്യമെന്ന് മന്ത്രി



ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിലെ കണ്ണിയപുറത്ത് നിര്‍മാണം പൂര്‍ത്തിയായ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. പുതിയ പാലവും നവീകരിച്ച പഴയ പാലവും മന്ത്രി ജി. സുധാകരന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പാലം യാഥാര്‍ഥ്യമായതോടെ പ്രദേശത്ത് നാലുവരിപ്പാതയുടെ സൗകര്യമാണു ലഭ്യമായതെന്ന് മന്ത്രി പറഞ്ഞു. പാലം യാഥാര്‍ഥ്യമായതോടെ പാലക്കാട്- പൊന്നാനി ഭാഗങ്ങളില്‍ നിന്ന് ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, തൃശൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി പേരുടെ യാത്രാക്ലേശത്തിനാണ് പരിഹാരമാകുക.


കിഫ്ബിയുടെ 4.3 കോടി ഫണ്ട് വിനിയോഗിച്ചാണു പാലം നിര്‍മിച്ചത്. പരിപാടിയില്‍ പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്.ഹരീഷ്, കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ പാലങ്ങള്‍ വിഭാഗം പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് എന്‍ജിനീയര്‍ പി.കെ.മിനി, ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.രാജേഷ്, ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ മണികണ്ഠന്‍, സി.വിജയന്‍, ദേവദാസ്, എ.ശിവപ്രകാശന്‍, പി.എം.എ ജലീല്‍, ബാബു മൊയ്തീന്‍കുട്ടി, ബഷീര്‍, ഇബ്രാഹിം, മുഹമ്മദ് സക്കറിയ പാലക്കാട് പാലങ്ങള്‍ സബ് ഡിവിഷന്‍ പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.ജി ജ്യോതി എന്നിവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K