07 February, 2021 01:08:20 PM


നക്ഷത്ര ആമയുമായി ദമ്പതികൾ പിടിയിൽ; സൂക്ഷിച്ചത് ബക്കറ്റിനുള്ളില്‍



മറയൂർ: സംരക്ഷിത ഇനത്തിൽപെട്ട നക്ഷത്ര ആമയുമായി ദമ്പതികൾ പിടിയിൽ. മറയൂർ ഇന്ദ്ര കോളനി സ്വദേശി മുരുകൻ (55), ഭാര്യ കവിത(33)എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട്‌ വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മുരുകന്റെ വീട്ടിൽ ബക്കറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ ആമയെ കണ്ടെത്തിയത്.


രണ്ട് ദിവസം മുമ്പ്‌ ചിന്നാർ വന്യജീവി സങ്കേതത്തിന് സമീപം പാമ്പാറിന് തീരത്ത് വിറക് ശേഖരക്കാനെത്തിയ സമയത്താണ്‌ കവിതയ്ക്ക് നക്ഷത്ര ആമയെ കിട്ടിയത്. തുടർന്ന് വീട്ടിലെത്തിച്ച് ഭർത്താവ് മുരുകൻ വിൽപനക്കൊരുങ്ങവെയാണ് വനപാലകരുടെ പിടിയിലായത്. ഏകദേശം 6 വയസ് പ്രായമുള്ള പെൺ നക്ഷത്ര ആമ പൂർണ ആരോഗ്യത്തോടെയാണുള്ളതെന്നും വനപാലകർ പറഞ്ഞു.


ആർഎഫ്ഒ ബി രഞ്ചിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ എസ് ഇന്ദ്രജിത്ത്, എംജി വിനോദ് കുമാർ, ബിഎഫ്ഒമാരായ പി ആർ ഹരികുമാർ, കെ രാമകൃഷ്ണൻ, അശ്വിൻ വിക്രമൻ, എസ്എഫ്ഒ എൽബിൻ എന്നിവരടങ്ങുന്ന  സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K