19 May, 2016 10:03:23 PM


കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ മരിച്ചു ; ചാലക്കുടിയിൽ വെള്ളിയാഴ്ച ബി.ജെ.പി ഹർത്താല്‍

കണ്ണൂര്‍:  പിണറായിയില്‍ വിജയാഹ്ളാദ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ബോംബേറിൽ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  സിപിഎം പ്രവര്‍ത്തകനായ ചേലരിക്കൽ കരിന്താങ്കണ്ടി രവീന്ദ്രനാണ്(55) കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റി.

പിണറായി വിജയൻെറ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ലോറിയിലെത്തിയ അക്രമികൾ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ  ബോംബെറിയുകയായിരുന്നു. നിലത്ത് വീണ പ്രവര്‍ത്തകരെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പിണറായി വിജയൻെറ ഫ്ളക്സ് ബോര്‍ഡുകൾ നശിപ്പിച്ചതും സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചു.

കോട്ടയം തിരുവാർപ്പ് കാഞ്ഞിരത്തിൽ സി.പി.എം-ബി.ഡി.ജെ.എസ് സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. വെട്ടേറ്റ സി.പി.എം പ്രവർത്തകരായ നിസാമുദ്ദീൻ, അനൂപ് പി. രാജ്, കരുൺ സന്തോഷ്, പ്രവീൺ തമ്പി, സുധീ, വിശാഖ്, സുരേഷ്, പ്രസന്നന്‍, ബിജെപി പ്രവര്‍ത്തകനായ റാവുജി, സഹോദരന്‍ രാജു എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഹ്ലാദപ്രകടനത്തിനിടെ ബി.ഡി.ജെ.എസ് -ആര്‍.എസ്.എസ് പ്രവർത്തകര്‍ അക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.

ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി എസ്. രാജേന്ദ്രന്‍റെ വിജയാഹ്ലാദ പ്രകടനത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷമുണ്ടായി. ഒരു സിവിൽ പൊലീസ് ഒാഫീസർക്ക് പരിക്കേറ്റു. ചാലക്കുടിയിൽ ആഹ്ലാദ പ്രകടനത്തിനിടെ ബി.ജെ.പി പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് ചാലക്കുടി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.

കാസർകോട് വിജയിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ഇ. ചന്ദ്രശേഖന്‍റെ പര്യടന വാഹനത്തിന് നേരെ മാവുങ്കലിൽ കല്ലേറുണ്ടായി. ചന്ദ്രശേഖരനും സി.പി.എം സംസ്ഥാന സമിതിയംഗം എ.കെ നാരായണനും ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ നാരായണനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടെണ്ണലിനെ തുടർന്ന് കാസർകോട് ജില്ലയിൽ സംഘർഷം പടർന്നതോടെ കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളിൽ ഒരാഴ്ചത്തെ നിരോധനാജ്ഞ കലക്ടർ പ്രഖ്യാപിച്ചു.

കാഞ്ഞങ്ങാട് ആറങ്ങാടിയിൽ സി.പി.എം- മുസ് ലിം ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. സി.പി.എം പ്രവർത്തകന്‍റെ ബൈക്ക് അക്രമികൾ കത്തിച്ചു. ലീഗ് ഒാഫീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാസർകോട് ഗവ. കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ലീഗ്-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങൾ കല്ലേറ് നടത്തിയതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. ഉളിയത്തടുക്കയിൽ യു.ഡി.എഫ് ബി.ജെ.പി സംഘർഷമുണ്ടായി.

കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ, ഒഞ്ചിയം, വില്യാപ്പള്ളി എന്നിവിടങ്ങളിൽ ആഹ്ലാദ പ്രകടനത്തിനിടെ ആക്രമണമുണ്ടായി. തിരുവള്ളൂരിലുണ്ടായ കല്ലേറിൽ എസ്.ഐ കെ. നൗഫൽ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഒഞ്ചിയം കുന്നുമ്മക്കരയിൽ ആർ.എം.പി ഒാഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. വില്യാപ്പള്ളിയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രകടനം മുഖാമുഖം എത്തിയതിനിടെയാണ് സംഘർഷമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K