19 September, 2020 12:27:37 AM
പി.ജെ. ജോസഫ് നിരീക്ഷണത്തില്‍; കരിങ്കുന്നത്തെ വിവിധ ആഫീസുകള്‍ അടച്ചു
തൊടുപുഴ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കരിങ്കുന്നം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പി.ജെ. ജോസഫ് എം.എല്‍.എയടക്കം അറുപതോളം പേര്‍ സ്വയം നിരീക്ഷണത്തില്‍. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പ്ലാന്‍ ക്ലര്‍ക്ക് എന്നിവരും മുഴുവന്‍ പഞ്ചായത്തംഗങ്ങളും നിരീക്ഷണത്തില്‍ പ്രവേശിച്ചു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ആഫീസ്, കൃഷി ആഫീസ്, മൃഗാശുപത്രി, ബാങ്ക് എന്നിവയെല്ലാം അണുവിമുക്തമാക്കിയ ശേഷം അടച്ചു. ചൊവ്വാഴ്ച മുതല്‍ ഈ ആഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
പഞ്ചായത്തംഗത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഇതുവരെ അറുപതോളം പേരെ കണ്ടെത്തി. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കരിങ്കുന്നത്ത് പി.ജെ. ജോസഫ് എം.എല്‍.എ പങ്കെടുത്ത രണ്ട് പരിപാടികളില്‍ ഈ പഞ്ചായത്തംഗവും പങ്കെടുത്തിരുന്നു. എം.എല്‍.എയെ കൂടാതെ പഞ്ചായത്തംഗവുമായി അടുത്തിടപഴകിയ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാര്‍ ശേഖരിച്ചു വരികയാണ്. രോഗം പിടിപെട്ട അംഗം കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് മുഴുവന്‍ അംഗങ്ങളും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്.