18 September, 2020 10:32:35 AM
ഇലക്ഷന്‍ കമ്മറ്റി ഓഫീസ് കത്തിച്ച സംഭവം; വെറുതെ വിട്ട 'പ്രതി' ജയിലിൽ കിടന്നത് 521 ദിവസം
ആലപ്പുഴ: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എ.എം ആരീഫിന്റെ തെരഞ്ഞെടുപ്പ് ഓഫീസ് കത്തിച്ച കേസിലെ പ്രതി ജോഷി കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ അസി. സെക്ഷന്‍സ് കോടതി ജഡ്ജ് വി. മഞ്ജു വെറുതെ വിട്ടുകൊണ്ട് ഉത്തരവായി. ജോഷിയാണ് കുറ്റക്കാരനെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ കോടതി വിട്ടയയ്ക്കുമ്പോഴേക്കും ജോഷി വലിയൊരു ശിക്ഷാകാലം അനുഭവിച്ചുകഴിഞ്ഞിരുന്നു.
അറസ്റ്റ് ചെയ്ത ജോഷി 521 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു. രാഷ്ട്രീയ സ്വാധീനമില്ലാത്ത ജോഷിക്ക് രോഗിയും തളര്‍വാതം പിടിപെട്ട ഭാര്യയും രണ്ടു പിഞ്ചുകുട്ടികളും മാത്രമാണ് വീടിലുള്ളത്. അഭിഭാഷകനെ വയ്ക്കാന്‍ പോലും നിവര്‍ത്തിയില്ലാത്തതിനാല്‍ കോടതിയില്‍ നിന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്താലാണ് അഭിഭാഷകനായ പി.പി. ബൈജുവിന്റെ സേവനം പ്രതിയ്ക്ക് ലഭ്യമാക്കിയത്.
വിധി പറഞ്ഞതും പ്രതിയെ ഹാജരാക്കിയതും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. 2019 ഏപ്രില്‍ 17ന് മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ടത്തില്‍ വീട്ടില്‍ ജോഷി അതിക്രമിച്ച് കയറി തീയിട്ടെന്ന് കാട്ടി ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മണ്ണഞ്ചേരി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. 50,000 രൂപ നഷ്ടം വരുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നിൽക്കാൻ ആളില്ലാത്തതിനാൽ ജോഷിയെ 2 മാസത്തിനു ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.
സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ 7 സാക്ഷികളുണ്ടായിരുന്നു. തീവയ്പ്, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളും ചുമത്തി. നാല് പ്രമാണങ്ങളും ഒരു തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തു നിന്ന് സാക്ഷികളെ ഒന്നുംതന്നെ വിസ്തരിച്ചിട്ടില്ലാത്തതുമാകുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ആണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയെന്നതാണ് ഈ കേസിന്റെ മറ്റൊരു സവിശേഷത. സാക്ഷി മൊഴികളിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് കോടതി ജോഷിയെ വിട്ടയച്ചത്.
ഫെബ്രുവരിയിൽ വിസ്താരം പൂർത്തിയായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം തുടർ നടപടികൾക്കായി ജോഷിയെ തിരുവനന്തപുരത്തു നിന്ന് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയതോടെ ജഡ്ജി ബി.മഞ്ജു ഓൺലൈനിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിധി പ്രസ്താവിക്കുകയായിരുന്നു. അതേസമയം ജോഷിക്ക് ഐഎൻടിയുസിയുമായി ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് ജി.ബൈജു പറഞ്ഞു. പ്രതിയെ റിലീസ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ഇ-മെയിലിലൂടെ നല്‍കി നടപടികള്‍ പൂര്‍ത്തിയായി.
ജയിൽവാസം കഴിഞ്ഞ് ജോഷി മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് ഭാര്യ ഓമനയും സ്കൂൾ വിദ്യാർഥികളായ 3 മക്കളുമടങ്ങുന്ന കുടുംബം. 6 സെന്റ് ഭൂമിയിൽ പണി തീരാത്ത വീട്ടിലാണ് ഓമനയും മക്കളും കഴിയുന്നത്. അയൽവീട്ടുകാരുടെ കാരുണ്യത്തിലാണ് വീട്ടുകാര്യം നടക്കുന്നത് പോലും. കെട്ടിട നിർമാണ തൊഴിലാളിയായ ജോഷിയുടെ വലതുകാലിന് വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്നു. കാലിൽ കമ്പിയിട്ടിട്ടുണ്ട്.