17 September, 2020 07:11:23 PM
പുഴയിൽ ചാടിയ ബന്ധുവിനെ രക്ഷിക്കാൻ പിന്നാലെ ചാടിയ യുവാവ് മരിച്ചു
കണ്ണൂർ: ബന്ധുവിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പാടിയോട്ട്ചാൽ സ്വദേശി കെ.വി. വിജിത്തിന്‍റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബന്ധുവായ പ്രബിനെ രക്ഷിക്കാനായി വിജിത്ത് പുഴയിലേക്ക് ചാടിയത്. മാനസിക വെല്ലുവിളികൾ നേരിടുന്ന പ്രബിനെ ഡോക്ടറെ കാണിച്ച് തിരിച്ചുവരവേയാണ് സംഭവം. വളപട്ടണം പാലത്തിന് മുകളിലെ ഗതാഗത കുരുക്കിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് ഇറങ്ങി ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു.
രക്ഷപ്പെടുത്താനായി വിജിത്തും പുഴയിലേക്ക് എടുത്തുചാടി. സ്ഥലത്തുണ്ടായിരുന്ന ആളുകൾ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും കോസ്റ്റൽ പൊലീസും പുഴയിൽ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. കോസ്റ്റൽ പൊലീസ് വാർഡനായ വില്യംസ് ചാൾസണാണ് പ്രബിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും വിജിത്തിനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് അഴിമുഖത്ത് നിന്ന് വിജിത്തിന്‍റെ മൃതദേഹം ലഭിച്ചത്. ഓൺലൈൻ മാധ്യമപ്രവർത്തകനാണ് കെ.വി വിജിത്ത്.