10 September, 2020 05:38:17 PM
കാറിൽ പരിധിയിലധികം മദ്യം: എക്‌സൈസ് സി.ഐക്ക് സസ്പെൻഷൻ; ചതിച്ചതാണെന്ന് സി ഐ
ചേർത്തല: കാറിൽ പരിധിയിലധികം മദ്യം കൊണ്ടുപോയതിന് പിടിയിലായ എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എക്‌സൈസ് സി.ഐ ബി.എൽ.ഷിബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാറിൽ മദ്യം എത്തിച്ച എറണാകുളത്തെ എക്സൈസ് സി.ഐ ടെനിമോനെ ചേർത്തല സി.ഐ വിളിച്ചുവരുത്തി മൊഴിയെടുത്തു. വാഹനത്തിൽ മദ്യക്കുപ്പികൾ വച്ച ഉദ്യോഗസ്ഥന്റേതുൾപ്പെടെ ഓഫീസിലെ മുഴുവൻ ജീവനക്കാരുടേയും ഫോൺ വിളികൾ പൊലീസ് സൈബർ സെല്ലിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മികച്ച പ്രവർത്തനത്തിന് 2010ൽ മുഖ്യമന്ത്രിയുടെ അവാർഡും നിരവധി ഗുഡ് സർവീസ് എൻട്രികളും ലഭിച്ച ഉദ്യോഗസ്ഥനാണ് ഷിബു. തന്നെ കുടുക്കിയതാണെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് വിജിലൻസും എക്സൈസും അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷിബുവിനെ ആറേമുക്കാൽ ലിറ്റർ മദ്യവുമായി വാഹന പരിശോധനയ്ക്കിടെ ചേർത്തല പൊലീസാണ് പിടികൂടിയത്. സി.ഐ. കാറിൽ സ്പിരിറ്റുമായി വരുന്നുവെന്ന് നാർക്കോട്ടിക് സെല്ലിന് വിവരം ലഭിച്ചിരുന്നു. മദ്യം കാർഡ് ബോർഡ് കവറിൽ ഡ്രൈവറുടെ പിൻ സീറ്റിൽ വച്ചിരിക്കുകയായിരുന്നു.