03 September, 2020 09:17:52 PM
പുരസ്കാരതുകയ്ക്ക് മാലിന്യസംസ്കരണപ്ലാന്‍റ് : ആലത്തൂര്‍ ഇനി സമ്പൂര്‍ണ ശുചിത്വപഞ്ചായത്ത്
ആലത്തൂര്‍: ആലത്തൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. മാലിന്യസംസ്‌ക്കരണം, ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം, പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണിത്. 2000-2001 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌ക്കാരം ലഭിച്ച ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന് പുരസ്‌ക്കാര തുകയായി 20 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പഞ്ചായത്തിലെ വീഴുമല താഴ്‌വാരത്തില്‍ 50 സെന്റ് സ്ഥലം വാങ്ങി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുകയും ജൈവവള നിര്‍മാണ യൂണിറ്റ് നിര്‍മിക്കുകയും ചെയ്തു.
തുടക്കത്തില്‍ ആലത്തൂര്‍ നഗരത്തില്‍ നിന്നും മാത്രമായിരുന്നു മാലിന്യം ശേഖരിച്ചിരുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തില്‍ ഹരിതകര്‍മ സേന രൂപീകരിക്കുകയും പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് റോഡ് നിര്‍മാണത്തില്‍ ടാറിനൊപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ജൈവവള നിര്‍മാണത്തിനുള്ള ബയോബിന്നുകള്‍ 90 ശതമാനം സബ്സിഡിയോടെ സ്ഥാപിച്ച് നല്‍കുന്നുണ്ട്. കൂടാതെ സബ്സിഡിയോടെ ബയോഗ്യാസ് പ്ലാന്റ് വിതരണത്തിനുള്ള പദ്ധതിയും പഞ്ചായത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എയാണ് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം നടത്തിയത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ഹരിതകര്‍മസേന പഞ്ചായത്ത് തല കോഡിനേറ്റര്‍ ബാഹുലേയന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.