27 August, 2020 06:20:40 AM
കാറില്‍ കടത്തിയ സ്വര്‍ണവും ആറുലക്ഷം രൂപയുമായി രണ്ടു അഞ്ചുമൂർത്തിമംഗലം സ്വദേശികൾ പിടിയില്‍
പാലക്കാട്: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുവന്ന മൂന്നര കിലോ സ്വര്‍ണവും ആറുലക്ഷം രൂപയും പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് മീനാക്ഷിപുരം എക്‌സൈസ് ചെക്‌പോസ്‌റ്റില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജെ.ആര്‍. അജിത്, കെ. സുരേഷ് എന്നിവര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പൊള്ളാച്ചി ഭാഗത്തുനിന്ന് വന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ടാക്‌സി കാറില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവും രൂപയും കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന ആലത്തൂര്‍ അഞ്ചുമൂര്‍ത്തിമംഗലം സ്വദേശികളായ കെ. കൃജേഷ്(40), കെ. സതീഷ്(38) എന്നിവരെ എക്‌സൈസ് കസ്‌റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ സി.പി. മധുവിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് സ്വര്‍ണവും പണവും കസ്‌റ്റംസിന് കൈമാറി.
സ്വര്‍ണപ്പണിക്കാരായ ഇവര്‍ വീട്ടില്‍വെച്ച് പണിയുന്നതിനാണ് സ്വര്‍ണം എത്തിച്ചതെന്നും മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ സ്വര്‍ണം വിട്ടു നല്‍കുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അതേസമയം ഓണക്കാലത്ത് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ചിറ്റൂര്‍ എക്‌സൈസ് സി.ഐ: രാകേഷ് പറഞ്ഞു.