10 August, 2020 06:45:57 PM
ആലപ്പുഴയില്‍നിന്നുള്ളവര്‍ക്ക് ചങ്ങനാശേരിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുങ്ങി
കോട്ടയം: ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍നിന്ന് എത്തുന്നവരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ ചങ്ങനാശേരി മേഖലയില്‍ സജ്ജമാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചു. 2018ലെ പ്രളയ കാലത്ത് ആലപ്പുഴയില്‍നിന്നും എത്തിയ 17007 പേരെയാണ് ചങ്ങനാശേരി താലൂക്കിലെ വിവിധ ക്യാമ്പുകളില്‍ താമസിപ്പിച്ചത്. ഈ വര്‍ഷവും ക്യാമ്പുകളാക്കുന്നതിന് പരമാവധി കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍നിന്നും ബോട്ടുകളിലും ലോറികളിലും നേരിട്ട് എത്തുന്നവര്‍ ചങ്ങനാശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ബന്ധുവീടുകളിലേക്കാണ് പോകുന്നത്. താമസ സൗകര്യം ആവശ്യമുള്ളവരെ ക്യാമ്പുകളിലേക്ക് അയയ്ക്കും. ആദ്യഘട്ടത്തില്‍ എത്തുന്നവരെ കുറിച്ചി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്യാമ്പിലാണ് താമസിപ്പിക്കുക. ഇവിടെ 600 പേര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. അടുത്ത ഘട്ടമായി കുറിച്ചി സചിവോത്തമപുരം ഹരിജന്‍ വെല്‍ഫെയര്‍ യു.പി. സ്കൂളിലും ഇത്തിത്താനം സര്‍ക്കാര്‍ സ്കൂളിലും താമസിപ്പിക്കും.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പനിപരിശോധനയ്ക്ക് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ കുറിച്ചി സര്‍ക്കാര്‍ എച്ച്.എസ്.എസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്തുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിന് ചങ്ങനാശേരി ബോട്ട് ജെട്ടിയില്‍ ഹെല്‍പ് ഡസ്ക് പ്രവര്‍ത്തിക്കും.
ചങ്ങനാശേരി ബോട്ട് ജെട്ടിയിലും കുറിച്ചി സ്കൂളിലും സന്ദര്‍ശനം നടത്തിയ കളക്ടര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി.