08 August, 2020 09:00:24 PM


രാജമല പെട്ടിമുടി അപകടം: മരണം 26 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു



മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം 26 ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച കണ്ടെത്തിയ 15 മൃതദേഹങ്ങള്‍ക്കു പുറമെ ശനിയാഴ്ച 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില (47), കുട്ടിരാജ് (48), പവന്‍തായി, മണികണ്ഠന്‍ (30), ദീപക്ക് (18), ഷണ്‍മുഖ അയ്യര്‍ (58), പ്രഭു (55) എന്നിവരെയാണ്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എം.എം. മണി എന്നിവര്‍ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി.


രാജമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച്‌ സംസ്‌കരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തും. പ്രകൃതിദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടുപോയവരെ സംരക്ഷിക്കാനും കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ അത്താണിയാവാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.


എന്‍ഡിആര്‍എഫിന്‍റെ രണ്ടു ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സ്തുത്യര്‍ഹമായ സേവനമാണ്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുന്നതിനായി ധാരളം ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പ്രദേശത്തിന്റെ റോഡിന്റെ അപകടാവസ്ഥയും വീണ്ടും ഉരുള്‍പൊട്ടുന്നതിനുള്ള സാധ്യതയും കണക്കിലെടുത്ത് ദുരിത ബാധിത പ്രദേശത്തിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K