07 August, 2020 07:05:19 AM
നീരൊഴുക്ക് ശക്തമായി: പൊന്മുടി അണക്കെട്ടിലെ 3 ഷട്ടറുകൾ രാവിലെ തുറക്കും
ഇടുക്കി: അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി ജലസംഭരണിയുടെ 3 ഷട്ടറുകൾ ഇന്ന് രാവിലെ 10ന് തുറക്കും. 30 സെ.മീ വീതം തുറന്ന് 65 ക്രമക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി പന്നിയാർ പുഴയിലേക്ക് തുറന്ന് വിടും.
പൂർണ്ണ സംഭരണ വിതാനം 707.75 മീറ്ററും , റെഡ് അലേർട്ട് വിതാനം 705.50 മീറ്ററും , ഓറഞ്ച് അലേർട്ട് വിതാനം 705.5 മീറ്ററും , ബ്ലൂ അലേർട്ട് വിതാനം 704.5 മീറ്ററും ആയാണ് നിജപ്പെടുത്തിയിട്ടുള്ളതാണ്. വൃഷ്ടി പ്രദേശത്ത് തുടർച്ചയായി മഴയുള്ളതിനാൽ പൊന്മുടി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് അതിശക്തമാണ്. നിലവിലെ ജലനിരപ്പ് 704,5 മീറ്ററായി ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് സംഭരണിയിലെത്തുന്ന അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കികളയുന്നതിനുള്ള നടപടിയെ കുറിച്ച് ആലോചിച്ചത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ ജല നിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പൊന്മുടി ജല സംരേണിയിലെ അധിക ജലം പന്നിയാർ പുഴയിലേക്ക് ഒഴുക്കി വിടുന്നത്. പന്നിയാര്‍ പുഴയുടെ തീരവാസികള്‍ മുന്നൊരുക്ക , ദുരന്തപ്രതികരണ മാർഗ്ഗരേഖയിൽ പ്രതിപാദിക്കുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.