23 July, 2020 04:03:39 PM
തൊടുപുഴയില്‍ വഴിയോര കച്ചവടവും മത്സ്യ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു
തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര കച്ചവടം, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ജൂലൈ 31 വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു. ജില്ലയ്ക്കു പുറത്തു നിന്നും തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന ഉത്പന്നങ്ങളും അനുബന്ധ സാധനങ്ങളുമാണ് ഇപ്പോള്‍ വ്യാപകമായി വഴിയോരങ്ങളില്‍ വിറ്റഴിക്കപ്പടുന്നത്.
തൊടുപുഴ - മുതലക്കോടം , വെങ്ങല്ലൂർ, കോലാനി റൂട്ടുകളിലും അമ്പലം ബൈപ്പാസ് റോഡിലുമായി 150 ഓളം വഴിയോരക്കച്ചവടക്കാരാണ് അടുത്ത നാളുകളിലായി ഉത്പ്പന്നങ്ങളുമായി നിരന്നിരുന്നത്. പച്ചക്കറി, മല്‍സ്യം, പഴവര്‍ഗങ്ങൾ, മുട്ട, ചിപ്സ്, ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയാണ് വാഹനങ്ങളിലും താത്ക്കാലിക ഷെഡുകള്‍ നിര്‍മിച്ചും വഴിയോരത്ത് വിറ്റഴിച്ചിരുന്നത്. കൂടാതെ തട്ടുകടകളും മല്സ്യസ്റ്റാളുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്.