21 July, 2020 08:33:31 PM
പട്ടാമ്പിയിലും തൃത്താലയിലും 19 ഓളം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സജ്ജമാകുന്നു
പാലക്കാട്: പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നൂറോളം പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തില്‍ പട്ടാമ്പി, തൃത്താല ബ്ലോക്കുകളിലായി സജ്ജമാകുന്നത് 19 തോളം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ്. പട്ടാമ്പി ബ്ലോക്ക് പരിധിയില്‍ ഒമ്പതും , തൃത്താല ബ്ലോക്കില്‍ പത്തും ട്രീറ്റ്മെന്റ് സെന്ററുകളാണ് സജ്ജമായി കൊണ്ടിരിക്കുന്നത്.
പട്ടാമ്പി ബ്ലോക്കിലെ ഏഴ് ഗ്രാമ പഞ്ചായത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ നിലവില്‍ വരും. ആദ്യഘട്ടത്തില്‍ ഓങ്ങല്ലൂരില്‍ ഒരുക്കുന്ന സെന്ററും കൊപ്പം ജി.വി.എച്ച്.എസ്.എസ് , ചുണ്ടമ്പറ്റ ജി.എച്ച് എസ് , മുതുതല എ. യു.പി.എസ്, പരുതൂരിലെ പള്ളിപ്പുറം റെഡ് സ്റ്റാര്‍ ഓഡിറ്റോറിയം, തിരുവേഗപ്പുറ അല്‍ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ജി.എച്ച്.എസ്. വിളയൂര്‍ എന്നിങ്ങനെ ആറ് സെന്ററുകളും സജ്ജമാകും. ഏകദേശം 700 ഓളം കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പട്ടാമ്പിയിലും ഓങ്ങല്ലൂര്‍ പഞ്ചായത്തിലും ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മെഡിക്കല്‍ ടീമിന് നിയമിക്കാനുള്ള നടപടിയായതായി മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. അറിയിച്ചു.
ഓങ്ങല്ലൂരില്‍ ഇരുപതോളം ആരോഗ്യ പ്രവര്‍ത്തകരെയും പട്ടാമ്പിയില്‍ നാല്പതോളം ആരോഗ്യ പ്രവര്‍ത്തകരെയും നിയമിച്ചിട്ടുണ്ട്. പട്ടാമ്പി എസ്.എന്‍. ജി.എസ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ സജ്ജീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. പട്ടാമ്പി കോളെജിലെ സയന്‍സ് ബ്ലോക്കില്‍ ആയിരം കിടക്കകള്‍ക്കുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്.
ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ വാടാനാംകുറുശ്ശി ഗവ. ഹൈസ്‌കൂളില്‍ 100 കിടക്കകള്‍ സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ അറിയിച്ചു.ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ എം.എല്‍.എ. ഫണ്ടില്‍നിന്ന് ഉള്‍പ്പെടെ തുക ചിലവഴിച്ചു വാങ്ങുമെന്നും എം.എല്‍.എ. അറിയിച്ചു. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായാല്‍ മെഡിക്കല്‍ ടീം എത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
തൃത്താല ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി പത്തോളം സെന്ററുകളാണ് ഒരുക്കുന്നത്. കുമ്പിടി എന്‍.എ.എസ് ഓഡിറ്റോറിയം, സി എന്‍ ഓഡിറ്റോറിയം, ചാലിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പറക്കുളം എം ആര്‍ എസ് സ്‌കൂള്‍, വാവനൂര്‍ ജി എച്ച് എസ്, പെരിങ്ങോട് ജി എച്ച് എസ് എസ്, പറക്കുളം മൈനോറിറ്റി കോളേജ്, വെള്ളടിക്കുന്ന് യത്തീംഖാന, ചാത്തന്നൂര്‍ ജിഎല്‍പി സ്‌കൂള്‍, മേഴത്തൂര്‍ ജി എച്ച് എസ് എസ് എന്നീ സെന്ററുകളിലായി 700 കിടക്കകള്‍ സജ്ജീകരിക്കും. ഇതില്‍ ഇരുന്നൂറോളം സജ്ജമായിട്ടുണ്ട്.