12 July, 2020 10:41:48 PM
കണ്ണൂരില്‍ നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു; പരിശോധന ഫലം വന്നിട്ടില്ല
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുന്നോത്ത് പറമ്ബ് സ്വദേശി ആയിഷ, കാസര്‍കോട് സ്വദേശി മറിയുമ്മ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെയും കോവിഡ് പരിശോധന ഫലം ഇത് വരെ വന്നിട്ടില്ല. ക്യാന്‍സര്‍ രോഗിയായ ആയിഷയുടെ ഭര്‍ത്താവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിരുന്നു. കൊല്ലം പാരിപ്പിള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 74 വയസ്സുള്ള കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജന്‍, എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ത്യാഗരാജന്‍ മരിച്ചത്. ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിനു പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നല്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ രോഗ ഉറവിടവും വ്യക്തമല്ല. ഹൃദയസ്തംഭനം മൂലമാണ് വല്‍സമ്മ ജോയി മരിച്ചത്. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.
തൃശൂര്‍, ആലപ്പുഴ കൊല്ലം എന്നീ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിന് മരിച്ച തൃശൂര്‍ സ്വദേശിയായ വത്സലയ്ക്കും ജൂലൈ ഏഴിന് മരിച്ച ആലപ്പുഴ സ്വദേശി ബാബുവിനും കൊല്ലം നെടുമ്ബനയില്‍ രണ്ട് ദിവസം മുന്‍പ് മുങ്ങി മരിച്ച 78 വയസുകാരി ഗൗരിക്കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഈ മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.