06 July, 2020 07:11:58 PM


കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു നാലു പേര്‍ക്ക് പരിക്ക്



മുണ്ടക്കയം ഈസ്റ്റ്:  ദേശീയപാതയില്‍ കെ.എസ്.ആര്‍.ടിിസി.ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ  കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ചെങ്ങളം തുണ്ടത്തില്‍ ടികെ അജിമോന്‍(45) കണ്ടക്ടര്‍  വാഴൂര്‍,പേരകത്തുശേരി പ്രസന്നന്‍(51),  ടാങ്കര്‍ ലോറി ഡ്രൈവര്‍  തമിഴ്‌നാട് , കമ്പം, ഐയ്യംപെട്ടിയില്‍ ബാബു(42)  ബസിലെ യാത്രക്കാരന്‍ കങ്ങഴ, മാമ്പളളി, വര്‍ഗീസ്(60) എന്നിവരെ പരിക്കുകളോടെ മുപ്പത്തിയഞ്ചാംമൈലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കൊട്ടാരക്കര- ദിണ്ഡുകല്‍ ദേശീയപാതയില്‍  മരുതുംമൂട്  മുപ്പത്തിയാറാംമൈല്‍ ഭാഗത്തു തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന  ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട്  ലോറിയിലിടിക്കുകയാരുന്നു. കോട്ടയം ഭാഗത്തു നിന്നും സ്വകാര്യ പാല്‍ കമ്പനിയുടെ പാല്‍ ഇറക്കിയശേഷം തമിഴ്‌നാട്ടിലേക്കു പോകുകയായിരുന്ന ടാങ്കര്‍  ലോറിയിലാണ് ഇടിച്ചത്.  തിരികെ പോവുകയായിരുന്നു ലോറി. ക്യാബിനില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ ബാബുവിനെ 15 മിനിട്ടുകള്‍ക്ക് ശേഷം  നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്. പെരുവന്താനം പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K