30 June, 2020 06:11:41 AM


ആശങ്കയുടെ നിഴലില്‍ കായംകുളം: കര്‍ശന നിയന്ത്രണങ്ങള്‍; വാഹന ഗതാഗതം നിരോധിച്ചു



കായംകുളം: കായംകുളം നഗരസഭയിലെ വാർഡ് 4, 9 എന്നിവയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ക്ലസ്റ്റർ ക്വാറൻറീൻ, കണ്ടൈൺമെൻറ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി. കായംകുളം നഗരസഭയിലെ താമസക്കാരനായ വ്യക്തിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. പച്ചക്കറിക്കട നടത്തുന്ന ഈ വ്യക്തിയുടെ കടയിൽ തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങളിൽ പച്ചക്കറി എത്തുന്നതായി അറിവായി. ഇദ്ദേഹത്തിൻറെ വീട്ടിലും കടയിലും പരിസരത്തുമായി പ്രൈമറി കോൺടാക്ട് ആയി ഇരുപതിലധികം പേർ ഉള്ളതായും കണ്ടെത്തി. 


ഇദ്ദേഹത്തിന്‍റെ കടയിലൂടെ തിരിച്ചറിയാൻ കഴിയാത്ത നിരവധി പേർ കോൺടാക്ട് ഉള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . വിഷയത്തിന്റെ ഗൗരവവും അടിയന്തര പ്രാധാന്യവും കണക്കിലെടുത്ത് രോഗവ്യാപനം തടയാൻ ആണ് കായംകുളം നഗരസഭ 4, 9 എന്നീ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ പ്രഖ്യാപിച്ചത്.


ഈ വാർഡുകളിലെ റോഡുകളിൽ വാഹന ഗതാഗതം നിരോധിച്ചു കൊണ്ട് ഉത്തരവായി. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടായിരിക്കും. അവശ്യ/ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മുതൽ 11 മണി വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി ഡി എസ് ) രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.


യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ പൊലീസിന്‍റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യ വിഭാഗത്തിന്‍റെയും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകി. ഈ വാർഡുകളിൽ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വന്നാൽ പൊലീസ്/ വാർഡ് ആർ ആർ ടികളുടെ സേവനം തേടാം. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമം പ്രകാരവും ഐപിസി സെക്ഷൻ 188, 269 പ്രകാരവും നിയമ നടപടികൾ സ്വീകരിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K