17 June, 2020 10:00:59 PM


രണ്ടു ഫാനും രണ്ടു ലൈറ്റും: ബില്‍ 18,796 രൂപ; തവണകളായി അടച്ചാൽ മതിയെന്ന് അധികൃതര്‍



മാവേലിക്കര: രണ്ടു ഫാനും രണ്ടു ലൈറ്റും മാത്രമുള്ള വീട്ടില്‍ കെ.എസ്.ഇ.ബി നല്‍കിയത് 18,796 രൂപയുടെ ബില്‍. പരമാവധി 220 രൂപയുടെ ബില്ലാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബിൽ കണ്ട് ഷോക്കേറ്റ കുടുംബത്തിനോട് തവണകളായി തുക അടയ്ക്കാനാണ് കെ.എസ്.ഇ.ബി നിർദ്ദേശിച്ചിരിക്കുന്നത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മറ്റം തെക്ക് ഐശ്വര്യ ഭവനത്തില്‍ വത്സലാകുമാരിയുടെ വീട്ടിലാണ് 18796 രൂപയുടെ ബിൽ ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വത്സലയും രണ്ടു പെണ്‍മക്കളുമാണ് ഇവിടെയുള്ളത്.
തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രി ചാരിറ്റിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയ വീടാണിത്. ഇതുവരെ പരമാവധി 220 രൂപയാണ് ഇവര്‍ക്ക് വൈദ്യുതി ബില്‍ വന്നിട്ടുള്ളത്. ബിൽ സംബന്ധിച്ച് കെ.എസ്.ഇ.ബി തട്ടാരമ്പലം ഡിവിഷനില്‍ പരാതി നല്‍കി. എന്നാൽ എര്‍ത്തിങ് മൂലമാണ് വൈദ്യുതി നഷ്ടം സംഭവിച്ചതെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് ഇലക്ട്രീഷ്യനെത്തി പരിശോധിച്ചെങ്കിലും തകരാറുകള്‍ കണ്ടെത്തിയില്ല.


വീണ്ടും പരാതിയുമായി ചെന്നപ്പോള്‍ ബിൽ നാലു തവണകളായി അടച്ചാൽ മതിയെന്ന ഉപദേശമാണ് ഉദ്യോഗസ്ഥർ നൽകിയത്. എന്നാല്‍ ഈ തുക എങ്ങിനെ അടയ്ക്കുമെന്നറിയാതെ വിഷമാവസ്ഥയിലാണ് ഈ നിർധന കുടുംബം. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കിട്ടുന്ന വരുമാനം മാത്രമാണ് ഈ കുടുംബത്തിന്‍റെ ആശ്രയം. തെറ്റായ വൈദ്യുതി ബിൽ കുടുംബ ബജറ്റ് മാത്രമല്ല ജനങ്ങളുടെ ജീവിതത്തെ തന്നെയാണ് താളം തെറ്റിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K