12 June, 2020 05:53:45 PM
ഒരു വോട്ട്: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫ് പാനലിൽ മത്സരിച്ച പി.കെ.രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. രാഗേഷിന് 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടത് സ്ഥാനാര്‍ഥി സിപിഐയിലെ വെള്ളോറ രാജന് 27 വോട്ടുകളാണ് ലഭിച്ചത്. ലീഗ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ.പി.എ.സലീമും വോട്ട് ചെയ്തതാണ് യു.ഡി.എഫ് വിജയത്തിന് കാരണം.
കെ.പി.എ.സലിം ഇടതുപക്ഷത്തേക്ക് മാറിയതിനെ തുടർന്നാണ് പി.കെ.രാഗേഷിന് അവിശ്വാസപ്രമേയത്തെ അതിജീവിക്കാനാകാതെ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിയേണ്ടി വന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പി.കെ.രാഗേഷ് രാജിവെച്ച് 86 ദിവസത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. രാഗേഷ് വിജയിച്ചതോടെ മുന്നണിധാരണപ്രകാരം മേയര്‍ സുമാ ബാലകൃഷ്ണന്‍ ലീഗിന്‍റെ പ്രതിനിധി സി.സീനത്തിനുവേണ്ടി സ്ഥാനമൊഴിയും.