08 June, 2020 05:04:14 PM


പൊലീസ്​ സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചതായി പരാതി; എസ്​.​ഐക്ക്​ സ്ഥലം മാറ്റം



നെടുങ്കണ്ടം: പൊലീസ്​ സ്​റ്റേഷനിൽ വിളിച്ചുവരുത്തി യുവാവിനെ മർദി​െച്ചന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ എസ്​.ഐക്ക്​ സ്ഥലം മാറ്റം. നെടുങ്കണ്ടം എസ്​.ഐ കെ. ദിലീപ്കുമാറിനെയാണ്​ കട്ടപ്പനയിലേക്ക്​ സ്ഥലം മാറ്റിയത്​. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്ന് പൊലീസ് സ്​റ്റേഷനിൽ വിളിപ്പിച്ച യുവാവിനെ എസ്.ഐയുടെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി. മർദനമേറ്റ തേർഡ്ക്യാമ്പ് ചെറിയാത്ത് ഷാജിമോനെ (46) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.


ലോക്ഡൗൺ കാലത്ത് വീട്ടിലെ വൈദ്യുതി ബിൽതുക റീഡിങ്​​ പരിശോധിക്കാൻ വന്നയാളെ ഏൽപിച്ചിരുന്നതായി ഷാജിമോൻ പറയുന്നു. എന്നാൽ, അടുത്ത മാസത്തെ തുകയോടൊപ്പം മുൻ മാസത്തെ തുകയും ഫൈനും ചേർത്താണ് ബിൽ വന്നത്. കുടിശ്ശികയുള്ള ബില്ല് അടച്ചതാണെന്ന് പറഞ്ഞെങ്കിലും വകവെക്കാതെ തൂക്കുപാലം സെക്​ഷനിലെ ഉദ്യോഗസ്ഥർ വീട്ടിലെ ഫ്യൂസ്​ ഉൗരി. ഇതുസംബന്ധിച്ച് ഷാജിമോൻ സെക്​ഷൻ ഓഫിസിൽ വിളിച്ച്​ അറിയിച്ചു.


പിന്നീട് ഉദ്യോഗസ്ഥർ പരാതി നൽകിയിട്ടുണ്ടെന്ന്​ പറഞ്ഞ്​ നെടുങ്കണ്ടം എസ്​.ഐ പൊലീസ്​ സ്​റ്റേഷനിലേക്ക് വിളിപ്പിക്കുകയും സ്​റ്റേഷനിൽ എത്തിയ സമയത്ത് കഴുത്തിൽ പിടിച്ചുതള്ളുകയും തല ലോക്കപ്പ് മുറിയുടെ കമ്പിയിൽ ഇടിക്കുകയും ചെയ്തതായാണ്​ ഷാജി പറയുന്നത്​. ഇതിനുപുറമെ ലാത്തിക്ക് പകരം ഉപയോഗിക്കുന്ന കെയ്ൻ ഉപയോഗിച്ച് പുറത്തും നെഞ്ചിലും അടിച്ചതായും ബൂട്ടിട്ട് ചവിട്ടിവീഴ്ത്താൻ ശ്രമിച്ചെന്നും പരാതിയുണ്ട്​.


എന്നാൽ, ഷാജിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ്​ എസ്​.ഐ പറയുന്നത്. ഷാജിമോൻ വൈദ്യുതി ബോർഡ് ജീവനക്കാരനായ ദലിത്​ യുവാവിനെ അസഭ്യം പറയുകയും മർദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്​തതായി കെ.എസ്​.ഇ.ബി അസിസ്​റ്റൻറ്​ എൻജിനീയർ നൽകിയ പരാതിയെത്തുടർന്ന് ഷാജിയെയും വൈദ്യുതി ബോർഡ് ജിവനക്കാരനെയും വിളിച്ചുവരുത്തി പ്രശ്​നം രമ്യമായി പരിഹരിച്ചിരുന്നു. വൈകീട്ട്​ തനിക്ക് കേസ്​ വേണമെന്ന് പറഞ്ഞ് വൈദ്യുതി ജീവനക്കാരൻ എത്തിയതിനെത്തുടർന്നാണ് ഷാജിക്കെതിരെ കേസെടുത്തതെന്ന് എസ്​.ഐ പറഞ്ഞു. സംഭവത്തിൽ നെടുങ്കണ്ടം സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K