06 June, 2020 01:33:08 PM
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ
പാലക്കാട്: വായിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരാവസ്ഥയിലായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വിൽസണെ ജൂൺ 19 വരെ പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരവും അനധികൃതമായ സ്ഫോടകവസ്തു കൈവശം വെയ്ക്കുകയും പ്രയോഗിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് കേസ്.
വിൽസനെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. കേസിലെ മറ്റു പ്രതികളായ തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമകളായ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ വിൽസനെ വനംവകുപ്പിന് പുറമെ പൊലീസും ചോദ്യം ചെയ്യും. ഇതിനായി അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകുമെന്ന് ഷൊർണൂർ ഡി വൈ എസ് പി വ്യക്തമാക്കി.
കാട്ടുപന്നിയെ പിടികൂടി ഇറച്ചി വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് അറസ്റ്റിലായ വിൽസൻ. ഇതിനായാണ് തേങ്ങയിൽ പന്നി പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചതെന്ന് വനം വകുപ്പ് പറയുന്നു. മുൻപും ഇവർ ഇത്തരത്തിൽ ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. മുഖ്യ പ്രതികളായ അബ്ദുൾ കരീം, റിയാസുദ്ദീൻ എന്നിവരുടെ റബ്ബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ വിൽസൻ. വിൽസനും റിയാസുദ്ദീനും ചേർന്നാണ് കാട്ടിൽ കെണി വെച്ചതെന്നും അന്വേഷണ സംഘം പറയുന്നു. മെയ് 27നാണ് വായിൽ ഗുരുതര മുറിവേറ്റ് അവശയായ കാട്ടാന തിരുവിഴാംകുന്നിലെ വെള്ളിയാർ പുഴയിൽ ചരിഞ്ഞത്.