01 June, 2020 06:03:21 PM


എസ്എഫ്ഐ പ്രവര്‍ത്തകരെ വെട്ടിയ കേസ്; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍



ആലപ്പുഴ: മൂന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പിടിയില്‍. വള്ളികുന്നം എം.ആര്‍ ജംഗ്ഷൻ തെക്ക് ആകാശ്ഭവനില്‍ സുമിത്ത് എന്ന ആകാശ് (24), രാഹുല്‍ഭവനില്‍ രാഹുല്‍ (23), ഇയാളുടെ സഹോദരന്‍ ഗോകുല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. എസ്.എഫ്.ഐ. ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം രാകേഷ് (23), പ്രവര്‍ത്തകരായ ബൈജു (24), വിഷ്ണു (22) എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്.


അറസ്റ്റിലായ മൂന്നു പേരും പാവുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ കൊലപാതകക്കേസിലെ പ്രതികളാണ്. കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ വധശ്രമക്കേസിലും വള്ളികുന്നത്ത് നിരവധി കേസുകളിലെ പ്രതികളുമാണ് ഇവരെന്ന് എസ്.ഐ. കെ.സുനുമോന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പള്ളിവിള ജംഗ്ഷന് സമീപമാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഇടതു കൈപ്പത്തിയില്‍ ഗുരുതരമായി പരിക്കേറ്റ രാകേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.


ആക്രമണത്തെ തുടർന്ന് രാത്രി 11-ഓടെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മൂന്ന് വീടുകള്‍ക്കുനേരെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ അറസ്റ്റിലായ സുമിത്ത്, വിമുക്തഭടനും ഹിന്ദു ഐക്യവേദി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായ കുഴുവേലില്‍ പറമ്പില്‍ കെ.ഷാജി എന്നിവരുടെ വീടുകള്‍ ബൈക്കിലെത്തിയ സംഘം അടിച്ചുതകര്‍ത്തിരുന്നു. സുമിത്തിന്റെ വീടിന്റെ അടുക്കളയില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന അമ്മ യുടെ ഒന്നരപ്പവന്റെ സ്വര്‍ണമാലയും 30,000 രൂപയും അക്രമിസംഘം അപഹരിച്ചതായും പരാതിയുണ്ട്.


അക്രമിസംഘം ഇടയശ്ശേരില്‍ ശശിയുടെ വീടിന്റെ മേല്‍ക്കൂരയുടെ ഷീറ്റില്‍ കല്ലെറിയുകയും അടിക്കുകയും ചെയ്തു. ബൈക്കുകളിലെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ സംഘമാണ് അക്രമം നടത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. അതേസമയം വീടുകള്‍ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടിയില്ലെന്ന ആക്ഷേപവുമുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K