01 June, 2020 10:33:14 AM
കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചു; രമേശ് ചെന്നിത്തലക്കെതിരെ കേസ്
ആലപ്പുഴ: കരിമണല്‍ ഖനനത്തിനെതിരെ സമരം നടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ കേസ്. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. സന്ദര്‍ശനത്തിനിടെ സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് കാരണം.
ഇന്നലെ രാവിലെയാണ് രമേശ് ചെന്നിത്തല തോട്ടപ്പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയത്. ജനകീയ സമരസമിതി റിലേ നിരാഹാരം നടത്തുന്ന സമരപ്പന്തലിലെത്തിയ അദ്ദേഹം പൊഴിമുഖത്തെത്തിയിരുന്നു. ഡി.സി.സി. പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജനറല്‍സെക്രട്ടറി എ.എ. ഷുക്കൂര്‍, മുന്‍ എം.എല്‍.എ. അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരുമായി ഇരുപതിലേറെപ്പേര്‍ ഒപ്പമുണ്ടായിരുന്നു. ഇവർക്കെതിരെയും കേസെടുത്തു.