28 May, 2020 07:35:37 PM
ക്വാറന്‍റൈന്‍ സൗകര്യമില്ല; കുവൈറ്റില്‍ നിന്നെത്തിയ 16 പ്രവാസികള്‍ പെരുവഴിയില്‍
കണ്ണൂർ: കുവൈറ്റിൽ നിന്നെത്തിയ 16 പേർ കണ്ണൂർ -കാസർകോട് അതിർത്തി പ്രദേശമായ കാലിക്കടവിൽ മണിക്കൂറുകളോളം പെരുവഴിയിലായി. കുവൈത്തിൽ നിന്നും ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. തുടർന്ന് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് ബസുകളിലായി പുറപ്പെട്ട ഇവർ മൂന്ന് മണിക്കൂറിലേറെ കണ്ണൂർ -കാസർകോട് അതിർത്തി പ്രദേശമായ കാലിക്കടവിൽ കാത്ത് കിടക്കേണ്ടി വന്നു.
കണ്ണൂർ, കാസർകോട് ജില്ലക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ക്വാറന്റീൻ സൗകര്യം ഇല്ലാത്തതിനാലാണ് ഇവര്‍ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ സംവിധാനം ഒരുക്കാത്തതിനാലാണ് ഇവർ കാത്തുകിടക്കേണ്ടി വന്നത്. അതേസമയം ഇതിൽ പതിനാല് പേരെ അടുത്തുള്ള പഞ്ചായത്തിൽ ക്വാറന്റൈൻ ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.