28 May, 2020 04:42:05 PM
ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ ബൈക്ക് പിടികൂടി; എസ് ഐയുടെ കാലു വെട്ടുമെന്ന് സിപിഎം നേതാക്കള്‍
കട്ടപ്പന: ലോക്ക്ഡൗൺ ലംഘിച്ച ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ ബൈക്ക് പോലീസ് പിടികൂടി. പിന്നാലെ വീട്ടിൽ കയറി എസ് ഐയുടെ കാല് വെട്ടുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലാണ് അക്രമം നടന്നത്. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ഡിവെഎഫ്ഐ പ്രവർത്തകന്‍റെ ബൈക്ക് വിട്ടു കൊടുക്കാത്തതിലുള്ള അരിശം മൂത്താണ് സിപിഎം നേതാക്കൾ എഎസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് നേരെ തിരിഞ്ഞത്.
കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വാഹനം കേസെടുക്കാതെ വിടണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽ എത്തിയ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു പരസ്യ ഭീഷണിയും തെറിവിളിയും. അതേസമയം, നിയമപരമായ നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എസ് ഐ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.തിലക്, ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവര്‍ ചേർന്നാണ് സ്റ്റേഷനിൽ അതിക്രമം കാണിച്ചത്. വീട്ടിൽ കേറി തല വെട്ടുമെന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൊലീസുകാരുടെ പരാതിയെ തുടർന്ന് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ശക്തമായ ഭീഷണി മുഴക്കിയിട്ടും നിസാരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത് എന്നാണ് വിവരം. ഉന്നത ഇടപെടൽ മൂലമാണ് ഇത് ഉണ്ടായതെന്ന് പൊലീസ് സേനയില്‍ ചർച്ചയായിട്ടുണ്ട്.
അതേസമയം പിടിച്ചെടുത്ത വാഹനം തിരിച്ചു തരണമെന്നും അല്ലെങ്കിൽ കേസെടുക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിപിഎം നേതാവ് വിജയാനന്ദ് പറയുന്നു. നേതാക്കൻമാരുടെ അതിക്രമം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രശ്നം തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നും പറയുന്നു.