26 May, 2020 02:43:33 PM


കൊവിഡ് വന്നതെങ്ങനെയെന്ന് വ്യക്തതയില്ല; ആസിയയുടെ കുടുംബത്തിലെ എട്ടുപേര്‍ക്കും രോഗം




കണ്ണൂര്‍: കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ കുടുംബത്തിലെ എട്ടുപേര്‍ കൊവിഡ് ബാധിതര്‍. മരിച്ച ആസിയയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം എട്ടായത്. ഇതോടെ ജില്ലയിൽ ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകളുടെ എണ്ണം ആറായി. ആസിയയ്ക്ക് രോഗം വന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.


കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആസിയ(63)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആസിയക്ക് വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ആസിയ. നാഡീസമ്പന്ധമായ അസുഖങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. 


ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആസിയയെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണെന്നായിരുന്നു നിഗമനം. പിന്നീട് ഈ മാസം 17 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിഷയെ പ്രവേശിപ്പിച്ചു. ഇവിടുത്തെ ചികിത്സയ്ക്കിടെ ആണ് കൊവിഡ് സ്ഥിരീകരിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K