25 May, 2020 06:29:49 PM


ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നിബന്ധനകള്‍ ലംഘിച്ചാല്‍ പരീക്ഷ എഴുതാനാവില്ല



പാലക്കാട്: പരീക്ഷ എഴുതുന്ന കുട്ടികള്‍ സ്വന്തമായി കുടിവെള്ളം, പേന, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ കയ്യില്‍ കരുതണം. മറ്റു കുട്ടികളുമായി സാധനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. പുതിയ ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചാല്‍ പരീക്ഷാ കേന്ദ്രം മാറ്റില്ല. പ്രത്യേക ശ്രദ്ധയോടെ ഇവരെ നിലവിലെ പരീക്ഷാ കേന്ദ്രത്തില്‍ തന്നെപരീക്ഷ എഴുതിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.


പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. പരീക്ഷാ ജോലിക്കായി ജില്ലയില്‍ 1964 ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. 196 പേരെ റിസര്‍വില്‍ വെച്ചിട്ടുണ്ട്. കൂടാതെ 199 ചീഫ് സൂപ്രണ്ടുമാരേയും 224 ഡെപ്യൂട്ടി സൂപ്രണ്ടുമാരേയും നിയോഗിച്ചിട്ടുണ്ട്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 148 കേന്ദ്രങ്ങളിലായി 80186 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിനായി 4008 അധ്യാപകരെ നിയമിച്ചിട്ടുണ്ട്. 


സ്‌കൂളുകളില്‍  അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ അണുനശീകരണം പൂര്‍ത്തിയാക്കി. താപനില പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്‌കാനര്‍, മാസ്‌ക് എന്നിവ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. ഓരോ പരീക്ഷാ കേന്ദ്രത്തിലും ആവശ്യമായ പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് ആരോഗ്യപ്രവര്‍ത്തകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 24 കുട്ടികള്‍ക്ക് ഒരു റൂം എന്നത് മാറ്റി 20 കുട്ടികള്‍ക്ക് ഒരു ക്ലാസ് മുറിയായി തീരുമാനിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K