25 May, 2020 06:33:15 AM
അതിർത്തി കടക്കാനാവാതെ വരനും വധുവും: വിവാഹം നടന്നത് ചെക്ക് പോസ്റ്റില്‍
കുമളി: കൊവിഡ് കാലത്ത് കുമളി ചെക്ക് പോസ്റ്റില്‍ ഒരു അപൂര്‍വ്വ വിവാഹം. തമിഴ്‌നാട് സ്വദേശിയായ യുവാവും കോട്ടയം സ്വദേശിനിയും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ നടന്നത്. ഇരു സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാ പാസ് ലഭിക്കാത്തതിനാലാണ് ചെക്ക് പോസ്റ്റ് വിവാഹവേദിയായത്.
തമിഴ്‌നാട് കമ്പത്ത് സ്ഥിരതാമസമാക്കിയ രത്‌നന- സെല്‍വറാണി ദമ്പതികളുടെ മകന്‍ പ്രദീപാണ് വരന്‍. കോട്ടയം സ്വദേശിനി ഗായത്രി വധുവും. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വരന്റെ വീട്ടുകാര്‍ 5 പേര്‍ പാസ് ശരിപ്പെടുത്തിയിരുന്നു. എന്നാല്‍ കേരളത്തിലേയ്ക്ക് കടക്കാന്‍ വരന് പാസ് ലഭിച്ചില്ല. വധുവിന് തമിഴ്‌നാട്ടിലേയ്ക്കു പോകാനും പാസ് തരപ്പെട്ടില്ല. ഇതോടെയാണ് ചെക്ക് പോസ്റ്റില്‍ വെച്ച് വിവാഹം നടത്തേണ്ടി വന്നത്.
പൊതുപ്രവര്‍ത്തകരുടെയും, ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ കൂടി ആയപ്പോള്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വിവാഹം ഗംഭീരമായി. ക്ഷേത്രത്തില്‍ പൂജിച്ച മാല ചാര്‍ത്തി ഇരുവരും ഒന്നായി. സാമൂഹ്യ അകലം പാലിച്ചായിരുന്നു വിവാഹം. കേരളത്തിലെ ഉദ്യോഗസ്ഥര്‍ പിന്നീട് പാസ് ശരിപ്പെടുത്തി. ഇതോടെ കൊവിഡ് കാലത്തെ അപൂര്‍വ വിവാഹത്തിന്റെ ഓര്‍മകളുമായി ദമ്പതികളും ബന്ധുക്കളും പിന്നീട് തമിഴ്‌നാട്-കമ്പത്തേയ്ക്ക് മടങ്ങി.