23 May, 2020 02:22:32 PM
വൈദികന്റെയും വീട്ടമ്മയുടേയും സ്വകാര്യ ദൃശ്യങ്ങൾ; പരാതിയുമായി മൊബൈൽ കടയുടമ
കട്ടപ്പന: വെള്ളയാംകുടി ഫൊറോന പള്ളി വികാരി ഫാ.ജയിംസ് മംഗലശേരിയുടെയും ഇടവകാംഗമായ വീട്ടമ്മയുടെയും സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വെള്ളയാംകുടി ജംഗ്ഷനിലെ മൊബൈല്‍ കടയുടമ കട്ടപ്പന പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ തനിയ്ക്ക് പങ്കില്ലെന്നും വൈദികന്‍ മൊബൈല്‍ നന്നാക്കാനായി തന്നെ ഏല്‍പ്പിച്ചിട്ടില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് താന്‍ ആണെന്ന് വ്യാപകമായ പ്രചാരണം നടക്കുന്നെന്നും പരാതിയില്‍ പറയുന്നു.
ഇതിനിടെ ഇടവകാംഗവുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ കട്ടപ്പന വെള്ളയാംകുടി ഫൊറോന പള്ളി വികാരി ഫാ.ജയിംസ് മംഗലശേരിയ്ക്കെതിരെ നടപടിയെടുത്ത് സഭാ നേതൃത്വം. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്തുതന്നെ നടപടിയെടുത്തിരുന്നതായും കത്തോലിക്കാ സഭാ ഇടുക്കി രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഫാ .ജയിംസ് മംഗലശേരിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന അവസരത്തില്‍ തന്നെ അദ്ദേഹത്തിനെ വികാരി സ്ഥാനത്തു നിന്നും മാറ്റിയതായി ഇടുക്കി രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സഭാ നിയമം അനുശാസിയ്ക്കുന്ന അന്വേഷണങ്ങളും നടപടിയും സ്വീകരിച്ചുവരികയാണെന്നും രൂപതാകേന്ദ്രം അറിയിച്ചു. മാര്‍ച്ച് 24 ന് പുറത്താക്കിയ നടപടി സംബന്ധിച്ച പത്രക്കുറിപ്പ് വിവാദങ്ങള്‍ ഉയര്‍ന്നശേഷം മെയ് 21 നാണ് പുറത്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്.
പള്ളിവക സ്ഥാപനത്തിലെ ജീവനക്കാരികൂടിയായ വീട്ടമ്മയുമായി ഫാ.ജയിംസ് മഗംലശേരി ഇടപഴകുന്നതിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ വൈദികന്‍ തന്നെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് ഇടവകാംഗങ്ങള്‍ പള്ളിയില്‍ ആരാധനയ്ക്ക് എത്തുന്നതില്‍ കര്‍ശനമായ വിലക്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ പള്ളിയിലെ ജീവനക്കാരികൂടിയായ വീട്ടമ്മ സ്ഥിരമായി പള്ളിയില്‍ എത്തിയിരുന്നു. ഇരുവരുമൊത്തുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നതിന് മുമ്പ് ഫാ.ജെയിംസ് മംഗലശേരി ഹൈറേഞ്ച് വിട്ടിരുന്നു.
അങ്കമാലിയിലെ കണ്ണാശുപത്രിയില്‍ ചികിത്സ തേടിയിരുന്ന ഇദ്ദേഹം പിന്നീട് മലയാറ്റൂരിലെ ഒരു ആശ്രമത്തിലേക്ക് മാറുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് വീട്ടമ്മയുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നുവെങ്കിലും വീട്ടമ്മയോ വൈദികനോ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് കട്ടപ്പന എസ്.ഐ അറിയിച്ചു. പരാതികളില്ലാത്തതിനാല്‍ സംഭവത്തേക്കുറിച്ച് നേരിട്ടുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല. മൊബൈല്‍ കടയുടമയുടെ പരാതി അപകീര്‍ത്തിയുടെ പരിധിയില്‍ വരുന്നതിനാല്‍ വിശദമായി പരിശോധിച്ച ശേഷമെ യഥാര്‍ത്ഥ സംഭവത്തില്‍ അന്വേഷണം തുടങ്ങൂ. വീട്ടമ്മയോ അടുത്ത ബന്ധുക്കളോ വൈദികനോ ആവണം ഇക്കാര്യത്തില്‍ പരാതി നല്‍കേണ്ടതെന്നും പൊലീസ് അറിയിച്ചു.