17 May, 2020 10:29:01 AM
ശാന്തൻപാറ എസ്റ്റേറ്റിൽ വെടിവയ്പ്: രണ്ടു പേർക്ക് പരിക്ക്; 6 പേർ കസ്റ്റഡിയിൽ
ഇടുക്കി: ശാന്തൻപാറയിലെ കെ.ആർ.വി എസ്റ്റേറ്റിൽ ശനിയാഴ്ച രാത്രി വെടിവയ്പുണ്ടായി. രണ്ടു സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു തോക്കും പിടിച്ചെടുത്തു. പഴയ കെ ആർ വി എസ്റ്റേറ്റ് ഇപ്പോൾ ഗ്ലോറിയ ഫാം എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. 680 ഏക്കർ വരുന്ന എസ്റ്റേറ്റ് സംബന്ധിച്ച് മുംബയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയുമായി കോടതിയിൽ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ഇന്നലെ രാത്രി പത്തരയോടെ വെടിവയ്പിൽ കലാശിച്ചത്.
എസ്റ്റേറ്റിലെ രണ്ട് സുരക്ഷാ ജീവനക്കാരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് വെടിയേറ്റുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ദുബായ് ആസ്ഥാനമായ വ്യവസായിയും ഇയാളുടെ ഡ്രൈവറും സഹായികളുമാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ബെൻസ് കാറും വ്യവസായിയുടെ തോക്കും ശാന്തൻപാറ പോലിസ് പിടിച്ചെടുത്തു. എന്നാൽ തങ്ങളെ അകാരണമായി പിടികൂടുകയായിരുന്നുവെന്നും തോക്കിനും ലൈസൻസുണ്ടെന്നും കസ്റ്റഡിയിലായവർ പറഞ്ഞു. ഫിനാൻസ് സ്ഥാപനത്തിൻ്റെ പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.