15 May, 2020 07:00:59 PM


കോവിഡ് രോഗി ചികിത്സ തേടിയ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു



പാലക്കാട്: കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ചികിത്സതേടിയ മുതലമട ചുള്ളിയാര്‍മേട് പ്രാഥമിക ആരോഗ്യ കേന്ദ്രം രണ്ട് ദിവസത്തേക്ക് അടച്ചു. കേന്ദ്രം അണുമുക്തമാക്കാനും നടപടികള്‍ സ്വീകരിച്ചു. കേന്ദ്രത്തിലെ ജീവനക്കാരോട് ക്വാറന്റെയിന്‍  നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഡോക്ടറുടെയും സ്റ്റാഫ് നഴ്‌സുമാരുടെയും സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു.


മെയ് 14ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തി ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് ഏഴ്, ഒന്‍പത്, 11 ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. അദ്ദേഹത്തിന് ഐവി ട്രിപ്പും ഇഞ്ചക്ഷനും നല്‍കിയിരുന്നു. 11ന് നേരിയ ശ്വാസം മുട്ടല്‍ വന്നപ്പോള്‍ ആണ് ജില്ലാ ആശുപത്രിയിലേക്ക് വിട്ടത്. കുറച്ച് ദിവസങ്ങള്‍ മുതലമട ആശുപത്രിയില്‍ ചികിത്സ തേടുകയും അടുത്തുള്ള കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം വാങ്ങി വന്ന് ആശുപത്രിയില്‍ തന്നെ സമയം ചിലവഴിച്ചതായി പറയുന്നുണ്ട്.


തൊഴില്‍, സ്വദേശം, കുടുംബം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഇയാള്‍ പറയുന്നതില്‍ അവ്യക്തത ഉള്ളതായി ഡി.എം.ഒ അറിയിച്ചു. മെയ് 9ന് മുതലമടയിലെ വെള്ളാരംകടവ് ബാബുപതി കോളനിയിലെ വൃദ്ധദമ്പതികളെ മാറ്റി പാര്‍പ്പിക്കുന്നതിന് മുന്നോടിയായി ആശുപത്രിയില്‍ കൊണ്ടു വന്നിരുന്നു. ഇതേ സമയത്ത് ഇയാള്‍ ഒ. പി യില്‍ ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.  മുതലമട പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ വിവിധ ജനപ്രതിനിധികള്‍  സാമൂഹികനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ദമ്പതികളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സഹായത്തിനായി കൂടെ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ഇവരുള്‍പ്പെടെ ക്വാറന്‍റയിന്‍ നിര്‍ദ്ദേശിച്ചു.


പിന്നീട് മെയ് 11 ന് ആശുപത്രിയില്‍ നേഴ്‌സുമാരെ ആദരിക്കുന്നതിനായി  സന്നദ്ധ പ്രവര്‍ത്തകനായ ഒരു സന്യാസി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത  പരിപാടിയിലും ഇയാളുടെ സാമിപ്യം ഉണ്ടായതായി പറയുന്നുണ്ട്. ഇടക്കിടെ മാനസികാസ്വസ്ഥ്യം പ്രകടപ്പിക്കുന്ന  ഇയാള്‍ നാല് വര്‍ഷം മുന്നേ ഇവിടം വിട്ടു പൊള്ളാച്ചിക്കു പോയതാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ എത്തിയിരുന്നു. കാമ്പ്രത്ത് ചള്ളയിലുള്ള മാംഗോ ഗോ ഡൗണില്‍ രാത്രി കിടക്കാറുള്ളതായും കൂടെ എപ്പോഴും ഒരു  ഊമയായ യുവാവ് ഉണ്ടാവാറുള്ളതായും പറയുന്നുണ്ട്.


ഇയാള്‍ വീടുകള്‍ കയറി സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായും  പറയുന്നുണ്ട്. കൂടെയുണ്ടായിരുന്ന വ്യക്തിയുടെ സാമ്പിളും ഇന്ന് പരിശോധനയ്ക്ക് എടുക്കും. വിവരങ്ങള്‍ അന്വേഷിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വിവരങ്ങള്‍ വ്യക്തമായി കിട്ടാത്തതും സങ്കീര്‍ണവുമായതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഡി.എം.ഒ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K