15 May, 2020 11:18:31 AM


റാന്‍ഡം പരിശോധനയില്‍ ബേക്കറിയുടമയ്ക്ക് കോവിഡ് ; ഇടപെട്ടത് 1000 ലധികം പേര്‍

രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവിഭാഗം



ഇടുക്കി: കോവിഡ് പരിശോധന പോസിറ്റീവായ ബേക്കറിയുടമയ്ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാതെ ആരോഗ്യപ്രവര്‍ത്തകര്‍. സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ ഇടുക്കി കരുണാപുരത്ത് ബേക്കറി ഉടമയുമായി ബന്ധപ്പെട്ട സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്‌ക്കരമായി മാറുകയാണ്.


രോഗലക്ഷണമൊന്നും കാണിക്കാതെ മൂന്ന് ദിവസം മുമ്പ് റാന്‍ഡം പരിശോധനയുടെ ഭാഗമായിട്ടാണ് ഇയാളില്‍ നിന്നും സ്രവം ശേഖരിച്ചത്. ഇന്നലെ ഉച്ചയോടെ വന്ന പരിശോധനാഫലം പോസിറ്റീവായതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തമിഴ്‌നാട്ടില്‍ നിന്നും വന്നവര്‍ ഉള്‍പ്പെടെ അനേകം പേരുമായി കടയില്‍ ഇടപെട്ട ഇയാള്‍ക്ക് രോഗം എവിടെ നിന്നാണ് പകര്‍ന്നത് എന്ന് വ്യക്തമാകാത്തതാണ് പ്രതിസന്ധി.


നേരത്തേ കരുണാപുരത്ത് തന്നെ മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിലും ഇയാളുമായി ബേക്കറി ഉടമയ്ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. ചെക്ക്‌പോസ്റ്റുകള്‍ വഴി തമിഴ്‌നാട്ടില്‍ നിന്നും കയറിവരാറുള്ള ട്രക്ക് ഡ്രൈവര്‍മാരുമായി ഇദ്ദേഹം ബേക്കറിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് ആഹാരസാധനങ്ങളും മറ്റും നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ അവരില്‍ നിന്നുമാകാം രോഗം പകര്‍ന്നിരിക്കുക എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍. കമ്പംമെട്ട് വഴിയാണ് ഡ്രൈവര്‍മാര്‍ എത്തുന്നത്.


കടയിലും വീടിന്റെ പരിസരത്തുമെല്ലാമായി ആയിരത്തോളം പേരുമായിട്ടാണ് ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. ഇവരെയെല്ലാം നിരീക്ഷണത്തില്‍ വെയ്ക്കാനായി കണ്ടെത്തുക എന്നതും ആരോഗ്യ വിഭാഗത്തെ കുഴയ്ക്കുന്നുണ്ട്. ഇന്നലെ വരെ കട തുറന്നിരുന്ന ബേക്കറി ഉടമയ്ക്ക് ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K