14 May, 2020 10:24:21 PM
കള്ളിന് വീര്യം കൂട്ടാൻ സ്പിരിറ്റ്; ഒറ്റപ്പാലത്ത് സ്പിരിറ്റ് ചേർത്ത 1000 ലിറ്റർ കള്ള് സഹിതം 2 പേര്‍ പിടിയില്‍
ഒറ്റപ്പാലം: ചെട്ടികുന്ന് കള്ള്ഷാപ്പിൽ നിന്നും സ്പിരിറ്റ് കലർത്തിയ ആയിരം ലിറ്റർ കള്ളും ഏഴു ലിറ്റർ സ്പിരിറ്റും പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് പിടികൂടി. കള്ള് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട പിക്കപ്പ് വാഹനത്തിൽ വെച്ച് കളളിൽ സ്പിരിറ്റ് കലർത്തുന്നതിനിടെയാണ് റെയ്ഡ് നടന്നത്. സ്പിരിറ്റ് കലക്കി കൊണ്ടിരുന്ന വാണിയംകുളം സ്വദേശി സോമസുന്ദരൻ, പനമണ്ണ സ്വദേശി ശശി കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
കള്ള് വണ്ടിയുടെ ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നയാൾ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. കള്ള് ഷാപ്പുകൾ തുറന്നെങ്കിലും കള്ളിന്‍റെ ലഭ്യത കുറവ് വില്പനയെ ബാധിച്ചിരുന്നു. ഇത് പരിഹരിക്കാൻ സ്പിരിറ്റ് കലർത്തിയ കള്ള് വിൽപ്പനയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഒറ്റപ്പാലം മേഖലയിൽ സ്പിരിറ്റ് ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിലെ കള്ള് ഷോപ്പുകളിൽ റെയ്ഡ് നടത്തിയത്.
ചിറ്റൂരിൽ നിന്നും വന്ന കള്ള് വണ്ടിയിൽ അഞ്ച് ബാരലുകളിലായി ഉണ്ടായിരുന്ന 1000 ലിറ്റർ കള്ളിലാണ് സ്പിരിറ്റ് കലക്കിയത്. പിടിയിലായ സോമസുന്ദരം മേഖലയിലെ ഇരുപത്തിയഞ്ച് കള്ള് ഷോപ്പുകളുടെ നടത്തിപ്പുകാരൻ കൂടിയാണ്. തൃശൂർ ഭാഗത്തു നിന്നാണ് സ്പിരിറ്റ് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. കള്ളിന്‍റെ ലഭ്യത കുറവ് മുതലെടുത്തു ജില്ലയിൽ പല ഭാഗത്തും സ്പിരിറ്റ് എത്തിയതായി വിവരമുണ്ടെന്നും പരിശോധന കർശനമാക്കുമെന്നും എക്സൈസ് ഇന്റലിജൻസ് അധികൃതർ അറിയിച്ചു.